കഴിഞ്ഞ ദിവസം റിലീസായ ഷാരൂഖ് ഖാൻ ചിത്രം ‘പത്താന്’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബഹിഷ്ക്കരണ ആഹ്വാനങ്ങൾക്കും പ്രതിക്ഷേധങ്ങൾക്കുമിടയിലും റിലീസായ ചിത്രം തിയറ്ററുകൾ നിറച്ചാണ് പ്രദർശനം നടക്കുന്നത്. ആവേശം നിറച്ചെത്തിയ സിനിമയെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ‘ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്… കിംഗ് ഖാൻ ഈസ് ബാക്ക്’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ ദീപിക പദുക്കോണും, ജോൺ എബ്രഹാമിനും താരം ആശംസകൾ നേർന്നിട്ടുണ്ട്.
നേരത്തെ ചിത്രത്തിലെ ‘ബേഷാരം രംഗ്’ ഗാനത്തിനെതിരായ വിവാദങ്ങൾക്കെതിരെ പ്രകാശ് രാജ് ശക്തമായി പ്രതികരിച്ചിരുന്നു. ‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല.. വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമിജി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു, എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്നമാകുന്നു’, എന്നായിരുന്നു അന്ന് പ്രകാശ് രാജ് പ്രതികരിച്ചത്. പ്രകാശ് രാജിന്റെ നിലപാട് സമൂഹ മദ്യത്തെ ഏറ്റെടുത്തിരുന്നു.
അതെ സമയം ‘പത്താൻ’ സിനിമയെ പ്രശംസിച്ച് നടി കങ്കണ, നടൻ അനുപം ഖേർ എന്നിവർ രംഗത്തെത്തിയിരുന്നു. ‘പത്താൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയും വിധത്തിൽ ശ്രമിക്കുന്നത്’, എന്നാണ് കങ്കണ കുറിച്ചത്.