നവാഗതനായ സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ചു ഇന്ദ്രൻസ് മുരളി ഗോപി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കനക രാജ്യം. പ്രാന്തൻ സിനിമ കണ്ടു വരുന്ന വഴിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ചിത്രം. ജീവിതത്തിന്റെ രണ്ട് തലങ്ങളിലുള്ള രണ്ട് വ്യക്തികൾ ഒരേ സംഭവത്തിന് ഇരകളാവുന്നതെങ്ങനെയെന്നാണ് ചിത്രം പറഞ്ഞു വക്കുന്നത്
പേരിനോട് 100% നീതി പുലർത്തിയ സിനിമ എന്നുതന്നെ കനക രാജ്യത്തെ വിശേഷിപ്പിക്കാം കാരണം ഈ സിനിമ വ്യത്യസ്ത കഥകളിലൂടെ ആ പേരുമായി ബന്ധപ്പെട്ടുതന്നെ കിടക്കുന്നുണ്ട്. കനകം പോലെയുള്ള കുറച്ചധികം മനുഷ്യരുടെ കഥയും കനകം കാരണം മറ്റൊരിടത്ത് ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെയും ആകെത്തുകയാണ് കനകരാജ്യം
ചിത്രത്തിൻറെ കഥയിലേക്ക് വന്നാൽ പട്ടാളത്തിൽ കുക്ക് ആയിരുന്ന രാമനാഥൻ എന്ന ആൾ വിരമിച്ച ശേഷം സെക്യൂരിറ്റി ജോലി തൻറെ ഉപജീവന മാർഗ്ഗമായി ഇഷ്ടത്തോടെ സ്വീകരിക്കുന്നു. സാധാരണ രീതിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കുടുംബമായി ജീവിക്കുന്ന അയാൾക്ക് പുതിയൊരു ജ്വല്ലറിയിൽ സെക്യൂറിറ്റി ആയി പോകുന്നതും ആ ജ്വല്ലറിയിൽ മോഷണം നടക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശനങ്ങളുമാണ് ചിത്രം പറഞ്ഞു വെക്കുന്നത്.
സമാധാന പ്രിയനായ എല്ലാവരോടും സ്നേഹം മാത്രം കാണിക്കുന്ന രാമനാഥനായി ഇന്ദ്രൻസ് എന്ന നടൻ സിനിമയിൽ ഉടനീളം നിറഞ്ഞു നിന്നു എന്ന് തന്നെ പറയാം. അയാളുടെ നിസ്സഹായാവസ്ഥയും ഇമോഷണൽ സീനും കാഴ്ചക്കാരെ കൂടുതൽ സിനിമയിലേക്ക് അടുപ്പിക്കുന്നുണ്ട് ഇന്ദ്രൻസിനൊപ്പം തന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രം ആണ് മുരളീഗോപിയുടെ വേണു. ഒരുപാട് നാളുകൾക്കു ശേഷം അദ്ദേഹത്തെ കൃത്യമായി എക്സ്പ്ലോർ ചെയ്തുകൊണ്ട് വന്നൊരു സിനിമയാണ് കനകരാജ്യം.
സിനിമാറ്റിക് ആയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ യഥാര്ഥ ജീവിതം കണ്ടിരിക്കുന്ന പ്രതീതിയാണ് കനകരാജ്യം നല്കുന്നത്. അതിനാടകീയതകളില്ലാതെ മനുഷ്യന്റെ അഭിമാനബോധത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ചിത്രം മികച്ച അനുഭവമാണ്