Cinemapranthan

‘മുസ്ലിം മനുഷ്യരെ, നിങ്ങൾക്കിവിടെ വാടകക്ക് വീടില്ല’: കൊച്ചിയിലെ ദുരനുഭവത്തെക്കുറിച്ച് തിരക്കഥാകൃത്ത് പിവി ഷാജികുമാർ

“ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…”

null

വാടകക്ക് ഒരു വീട് തപ്പി ഇറങ്ങുമ്പോഴാണ് മലയാളികളുടെ യഥാർത്ഥ മുഖം നമ്മൾ കാണുന്നത്. വെള്ളപ്പൊക്കവും, മഹാമാരിയുമൊക്കെ വരുമ്പോൾ ഒത്തൊരുമയും സഹോദര്യവുമൊക്കെ പറയുന്നവർ സ്വന്തം വീട് വാടകക്ക് നൽകുമ്പോൾ തനി സ്വഭാവം പുറത്തു കാണിക്കും. കഥാകൃത്തും സിനിമ തിരക്കഥാകൃത്തുമായ പിവി ഷാജികുമാറിന് വാടകക്ക് വീട് അന്വേഷിച്ച് നടന്നപ്പോൾ നേരിട്ട അനുഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഷാജി കുമാർ പങ്ക് വെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. തന്റെ പേര് കേട്ട് മുസ്ലീംങ്ങൾക്ക് വീട് കൊടുക്കില്ലെന്ന് പറഞ്ഞ ഉടമസ്ഥനോട്, വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി നടന്ന അനുഭവമാണ് ഷാജി കുമാർ പങ്ക് വെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

“ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
“പേരേന്താ..?”
“ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
“മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
“ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
“ഓ… ഓണർ എന്ത് ചെയ്യുന്നു..”
“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
“ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്…
“എനിക്ക് വീട് വേണ്ട ചേട്ടാ…”
ഞാൻ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
“ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…”

ഷാജികുമാറിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നാഴികക്ക് നാൽപ്പത് വട്ടം വികസനം പറയുന്ന നമ്മുടെ നഗരങ്ങളിൽ ഏറ്റവും പ്രാകൃതമായി ചിന്തിക്കുന്ന ഒരു സമൂഹമാണ് വലുതായിട്ടുള്ളത് എന്ന് മനസിലാക്കാൻ വെറുതെ ഒരു വാടക വീട് അന്വേഷിച്ച് ഇറങ്ങിയാൽ മതി.. ഇത്തരം ദുരനുഭവങ്ങൾ നേരിട്ട ഒരു വിഭാഗം ഇപ്പുറത്ത് ഉണ്ട്.

cp-webdesk

null