പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, തിളക്കം, പാണ്ടിപ്പട, ഹലോ, മായാവി..തുടങ്ങി മലയാളികളെ എക്കാലവും പൊട്ടിചിരിപ്പിച്ചിട്ടുള്ള സിനിമകൾ നമുക്ക് സമ്മനിച്ചവരിൽ ഒരാളായ റാഫിയും, അമർ അക്ബറും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും പോലുള്ള ഹിറ്റുകളൊരുക്കിയ പ്രിയപ്പെട്ട നാദിർഷായും ആദ്യമായി ഒന്നിക്കുന്ന ചിത്രം. ഒരു സിനിമ പ്രേക്ഷകൻ എന്ന നിലക്ക് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമക്ക് ആദ്യ ദിനം ടിക്കറ്റ് എടുക്കാൻ ഇതുമാത്രം മതി..
പ്രതീക്ഷ തെറ്റിയില്ല… റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷാ സംവിധാനം ചെയ്ത ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിരിയും ആകാംഷയും ഒരു പോലെ നൽകുന്ന ഒരു കോമഡി ത്രില്ലെർ ആണ്.
റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ റാഫി തന്നെയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. തന്റെ ആദ്യ ഉദ്യമമം മികച്ചതാക്കികൊണ്ട് തന്നെ മുബീൻ അരങ്ങേറി. ആദ്യ സിനിമയിൽ തന്നെ റൊമാൻസും ഫൈറ്റും ഡാൻസും എല്ലാം മുബീൻ ഒരു തുടക്കക്കരന്റെ പതർച്ചയില്ലാതെ ചെയ്തു വച്ചിട്ടുണ്ട്.
കൂടെ യുവതാരങ്ങളായ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും ആണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. എസ് ഐ ആനന്ദ് ദാസ് ആയി അർജുന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഞാൻ പ്രകാശനിലൂടെ ശ്രദ്ധ നേടിയ താരം ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയും അതിനുപിന്നാലെയുള്ള ഒരു പോലീസ് ഓഫീസറുടെ അന്വേഷണവുമാണ് ചിത്രം ഹാസ്യരൂപേണ അവതരിപ്പിക്കുന്നത്. ഹാസ്യം ആണ് കൂടുതലെങ്കിലും മറ്റു നാദിർഷ ചിത്രങ്ങളെ പോലെ തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന ചില പ്രശനങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. അമർ അക്ബർ അന്തോണിയിൽ നിന്ന് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയിലെത്തിനിൽക്കുമ്പോൾ വൈവിധ്യംനിറഞ്ഞ പ്രമേയങ്ങൾ തന്നെയാണ് താൻ തിരഞ്ഞെടുക്കുന്നത് എന്ന് നാദിർഷ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ അടിവരയിടുന്നുണ്ട്,
ചിത്രത്തിൽ എടുത്ത് പറയേണ്ട നിമിഷമാണ് റിയാസ്ഖാനെ സ്‌ക്രീനിൽ കണ്ട നിമിഷം. നിലവിൽ അദ്ദേഹത്തിന്റെ ഡയലോഗ് ട്രെൻഡ് ആയി നിൽക്കുന്നത് കൊണ്ടും ചിത്രത്തിൽ അദ്ദേഹത്തിന് ഒരു കോമിക് സ്വഭാവമുള്ള കഥാപാത്രമായതുകൊണ്ടും റിയാസ് ഖാന്റെ ഡയലോഗിനെല്ലാം നിറഞ്ഞ കയ്യടി ആയിരുന്നു
ചിത്രത്തിലെ പാട്ടുകൾ എടുത്ത് പറയേണ്ടതാണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിലെ ടൈറ്റില്‍ സോംഗും നിക്കാഹ് ഗാനവും ആസ്വദ്യകരമായി തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം ബിജിഎമ്മും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം ഇങ്ങനെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരും കൈയ്യടി അര്‍ഹിക്കുന്ന പ്രകടനത്തോടെ സംവിധായകന്‍റെ ആഖ്യാനത്തോട് നീതിപുലര്‍ത്തുന്നുണ്ട്
നല്ല സിനിമകൾ ഇറങ്ങിയ ഈ വർഷത്തിൽ അതിനോട് ചേർത്തുവച്ച പറ്റിയ നല്ലൊരു ചിത്രം തന്നെ ആണ് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’