മീശമാധവനും മനസ്സിനക്കരയും നരനും രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ‘ഒ.ബേബി’. ദിലീഷ് പോത്തൻ ആദ്യമായി നായകനായി എത്തുന്ന ചിത്രത്തില്‍ രഘുനാഥ് പലേരി, ഹനിയ നഫീസ, സജി സോമൻ, ഷിനു ശ്യാമളൻ തുടങ്ങിയവരാണ് പ്രധാന മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്.
ട്രെയിലറില്‍ തന്ന സൂചന പോലെ ‘ഓ ബേബി’ ഒരു ത്രില്ലർ ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണ്. വെറുമൊരു ത്രില്ലർ എന്നതിലുപരി കൃത്യമായി രാഷ്ട്രീയ തലങ്ങളെ തൊട്ടു തലോടി പോകുന്നൊരു ആക്ഷന്‍ പാക്ഡ് തില്ലര്‍ എന്നു പറയുന്നതാവും ശരി. പ്രണയവും ദുരഭിമാനവും, മുതലാളി – തൊഴിലാളി പൊളിറ്റിക്സും വളരെ പക്വതയോടെ ആണ് ചിത്രം കൈകാരൃം ചെയ്യുന്നത്. അതിനിടയില്‍ വന്നു പോകുന്ന ആക്ഷനും വയലന്‍സും അതിനെ കൂടൂതല്‍ എന്‍ഗേജിങ് ആക്കുന്നുണ്ട്.
എന്നാല്‍ ഒ.ബേബിയെ ഏറ്റവും മനോഹരമാക്കുന്ന ഘടകം ഈ പറഞ്ഞതല്ല, സിനിമ തുടങ്ങി അവസാനിക്കും വരെ മനോഹര ദൃശ്യങ്ങളാല്‍ സമ്പന്നമായ ഗംഭീര ഫ്രെയിമുകള്‍ ആണ്. ഈ അടുത്ത് ഇത്രയും മനോഹര ഫ്രെയിമുകള്‍ നിറഞ്ഞ സിനിമ ഒരുപക്ഷെ ഉണ്ടായിട്ടുണ്ടാവില്ല. ചെകുത്താന്‍ മലയും ഏലക്കാടുമെല്ലാം മനസ്സില്‍ നിന്നും ഇറങ്ങീയിട്ടില്ല. സിനിമ കണ്ട ഏതൊരാളോടു ചോദിച്ചാലും ഒരു തര്‍ക്കവുമില്ലാതെ പറയാൻ സാധ്യതയുള്ള മറുപടിയും ഇതു തന്നെയാവും. അരുൺ ചാലിൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
എന്നും കലാമൂല്യമുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ച രഞ്ജൻ പ്രമോദിന്റെ ഒരു നല്ല ചിത്രം തന്നെയാണ് ഒ.ബേബി എന്നതിൽ തര്‍ക്കമില്ല. ആദ്യമായി നായകനാവുന്ന ദിലീഷ് പോത്തനും തന്‍റെ നായക കഥപാത്രം മികച്ചതാക്കിട്ടുണ്ട്.