ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും ഈ വാരം തിയറ്ററുകൾ നിറക്കാനെത്തുന്നത് കാത്തിരുന്ന സിനിമകൾ ഉൾപ്പടെ ഒരുപിടി ത്രില്ലർ – ഹൊറർ ചിത്രങ്ങളാണ്.
ഫഹദ് ഫാസിൽ – അപർണ്ണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ആണ് ‘ധൂമം’. ഫഹദ്ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ‘ധൂമം’ ഈ വാരമാണ് തിയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.ജി.എഫ്, കാന്താര, എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് ആണ്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് ‘ധൂമം’. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ ആണ് ‘ധൂമം’ സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും പവൻ കുമാർ തന്നെയാണ്. റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്.
ബേബി ആവണി അഞ്ജലി, മാസ്റ്റർ ആദി സുരേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2D ചിത്രമായ ‘ആദിയും അമ്മുവും’ ആണ് ഈ വാരം പ്രദർശനത്തിന് എത്തുന്ന മറ്റൊരു ചിത്രം. ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, ഷാജി മാവേലിക്കര എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിൽസൺ തോമസ് – സജി മംഗലത്ത് എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിത്സൺ തോമസ് ആണ് ചിത്രത്തിന്റെ രചന – ഗാനരചന എന്നിവ ഒരുക്കിയിരിക്കുന്നത്. അരുൺ ഗോപിനാഥാണ് ഛായാഗ്രഹണം. സാങ്കൽപ്പിക കഥാപാത്രങ്ങളുടെ ആരാധകനായ പത്തുവയസ്സുള്ള ആദി ചാത്തന്റെയും യക്ഷിയുടെയും കഥകൾ കേട്ട്, സാങ്കൽപ്പിക കഥാപാത്രങ്ങളോടുള്ള ആകർഷണം ഉണ്ടാവുകയും അവനെ കാത്തിരിക്കുന്ന ഭീകരതയെക്കുറിച്ച് അറിയാതെ ലോക കഴിവുകൾ തേടാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ക്ലീൻ എൻ്റർടൈനർ ആയി എത്തുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് അഖിൽ ഫിലിംസിൻ്റെ ബാനറിൽ സജി മംഗലത്താണ്.
വസന്ത് രവി – വിമല രാമൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രമാണ് ‘അസ്‌വിൻസ്’. സൈക്കോളജിക്കൽ – ഹൊറർ- ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഈ വാരം തിയറ്ററുകളിൽ എത്തുന്നു. തരുൺ തേജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സിദ്ധാർഥ് ആണ് സംഗീതം. ഇന്ത്യയിൽ നിന്നുള്ള അഞ്ച് യൂട്യൂബർമാരെ യുകെയിലെ ഒരു കമ്പനി ബ്ലാക്ക് ടൂറിസത്തിലെ ഒരു പ്രോജക്റ്റിനായി തിരഞ്ഞെടുത്തു. ഒരു ബ്രിട്ടീഷ്-ഇന്ത്യൻ പുരാവസ്തു ഗവേഷകയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രേത മാളിക പര്യവേക്ഷണം ചെയ്യുന്നതാണ് പദ്ധതി. മാളികയിൽ പ്രവേശിക്കുമ്പോൾ, അവർ ഒരു അമാനുഷിക ജീവിയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. സാറാസ് മേനോൻ, മുരളീധരൻ സുബ്രമഹ്ണ്യൻ, ഉദയ ദീപ്, മാലിന അതുൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സുനൈന – അനന്ത് നാഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റെജിന’ ഈ ആഴ്ച പ്രദർശനത്തിന് എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ്. ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ റെജിന എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുനൈന ആണ്. ബാവ ചെല്ലദുരൈ, ഗജരാജ്, സായി ദീന, റിതു മന്ത്ര, നിവാസ് അധിതൻ, വിവേക് പ്രസന്ന, അജീഷ് ജോസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ ആയി എത്തുന്നത്. സതീഷ് നായർ സംഗീതം നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത് യെല്ലോ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സതീഷ് നായർ തന്നെയാണ്.