Cinemapranthan

പിറന്നാൾ ദിനത്തിൽ ‘നെട്രികന്‍’ ടീസറുമായി ലേഡി സൂപ്പർ സ്റ്റാർ

2021ലാണ് ‘നെട്രികന്‍’ റിലീസ് ചെയ്യുന്നത്

null

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പിറന്നാൾ ദിനമായ ഇന്ന് താരത്തിന്റെ പുതിയ ചിത്രമായ ‘നെട്രികന്റെ’ ടീസര്‍ പുറത്തിറങ്ങി. നയൻതാര തന്റെ ട്വിറ്ററിലൂടെയാണ് ടീസർ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചായിരുന്നു ടീസര്‍ റിലീസിങ്ങിന്റെ പോസ്റ്റര്‍ ഒരുക്കിയിരുന്നത്.

2021ലാണ് ‘നെട്രികന്‍’ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ മലയാളി താരം അജ്മൽ അമീർ പ്രധാന വേഷം ചെയ്യുന്നു. ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ അജ്മൽ നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ‘നെട്രികനിലും’ താരം വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.

‘നെട്രികന്‍’ സംവിധാനം ചെയ്യുന്നത് മിലിന്‍ഡ് റാവു ആണ്. വിഗ്നേഷ് ശിവനാണ് ചിത്രത്തിന്റെ നിർമ്മാണം. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് ‘നെട്രികന്‍’. ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ടീസര്‍ ഇന്ന് പുറത്തിറങ്ങുമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു.

ബാലാജി സംവിധാനം ചെയ്ത ‘മുക്കുത്തി അമ്മനാണ്’ നയന്‍താരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’ എന്ന മലയാള ചിത്രത്തിലും നയന്‍താരയാണ് നായിക. നിഴലിന്റെ ചിത്രീകരണത്തിനായി താരം കൊച്ചിയില്‍ എത്തിയിരുന്നു. രജ്‌നികാന്തിന്റെ ‘അണ്ണാത്തെ’യാണ് നയന്‍താരയുടെ ചിത്രീകരണം നടക്കുന്ന അടുത്ത ചിത്രം.

cp-webdesk

null