പ്രേക്ഷകർക്ക് ആസ്വദിക്കാൻ വേണ്ടിയാണു ഓരോ സിനിമയും പിറക്കുന്നതെന്ന് നമുക്കറിയാം.. എന്നാൽ ഓരോ മനുഷ്യന്റെയും ആസ്വാദനത്തിനപ്പുറം അറിവിലേക്ക് കൂടി ചില സിനിമകൾ ഉണ്ടാവാറുണ്ട്.. കഴഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ അത്തരമൊരു സിനിമയാണ് മുറിവ്. കെ ഷമീർ തിരക്കഥയും സംവിധാനവും ചെയ്ത മുറിവ് സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന നല്ലൊരു ചിത്രമായാണ് പ്രാന്തന് തോന്നിയത്. ഇന്നത്തെ സമൂഹത്തിലെ വ്യത്യസ്തങ്ങളായ പല പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നല്ലൊരു ചിത്രം. പെൺകുട്ടികളോടും സ്ത്രീകളോടും ഉള്ള അതിക്രമങ്ങൾ യുവാക്കളുടെ ലഹരിയോടുള്ള ആസക്തി. പ്രതികരണശേഷിയുള്ള മറ്റൊരു വിഭാഗം തുടങ്ങി നിരവധി കാര്യങ്ങളിലേക്കാണ് മുറിവ് നമ്മളെ കൊണ്ടുപോകുന്നത്.

വീട്ടിലും നാട്ടിലും ദുഷ്പ്രവർത്തികളിലൂടെ മാത്രം സഞ്ചരിച്ച മകനെ വീട്ടുകാർ അച്ചടക്കം പഠിക്കുന്നതിനായി ഒരു പട്ടാളക്കാരന്റെ വീട്ടിലേക്ക് അയയ്ക്കുന്നതും അവിടെവച്ച് അവൻ ഒരു ഗ്യാങ്ങിൽ ചേർന്ന് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതും നായകനായ കരാട്ടെ മാസ്റ്ററുടെ സ്റ്റുഡൻറ് ആയ ഒരു പെൺകുട്ടിയുമായി ആ നാട്ടിൽ വച്ച് ഒരു വഴക്കുണ്ടാവുകയും അതിൻറെ പ്രതികാരത്തിൽ അവൻ ആ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കുന്നതും പിന്നീട് നായകനും മറ്റു രണ്ടു സ്റ്റുഡൻസും ചേർന്ന് അവളെ രക്ഷിക്കുന്നതും ആണ് കഥയുടെ ഇതിവൃത്തം. എന്നാൽ എല്ലാ സിനിമകളുടെ ക്ലൈമാക്സിലും വില്ലന്മാർ കൊല്ലപ്പെടുമ്പോൾ ഇവിടെ സംവിധായകനായ ഷമീർ കഥ മറ്റൊരു സന്ദേശത്തിലൂടെ പര്യവസാനിപ്പിക്കുന്നു. ഒരു മോശം പാരന്റിങ്ങിൽ നിന്നും മാനസികമായ പ്രശ്നങ്ങളിൽ നിന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്ത കഥാപാത്രത്തെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഇതുതന്നെയാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്ന സാമൂഹിക സന്ദേശവും.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ സൈക്കോ വില്ലനായി എത്തിയ ഫാറൂഖ് ഷമീർ, നായകനായ റിയാദ് മുഹമ്മദ് നായികയായ കൃഷ്ണപ്രിയ ഭഗത് വേണുഗോപാൽ തുടങ്ങി ഓരോ കഥാപാത്രങ്ങളും സ്ക്രീനിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു എന്ന് പറയാം. ഒപ്പം മലയാളത്തിന്റെ സ്വന്തം അജയ് വാസുദേവും നിഷാദ് കോയയും കൂടി സ്ക്രീനിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് മുറിവ് നൽകുന്ന ആവേശം ഇരട്ടിയാകുന്നു.
ഓരോ പെൺകുട്ടിയും ഓരോ വീട്ടുകാരും കണ്ടിരിക്കേണ്ട സിനിമ പ്രതികരണശേഷിയുള്ള സ്ത്രീകളുടെയും യുവാക്കളുടെയും കഥ പറയുന്ന സിനിമ ലഹരി ഉപയോഗത്തിന് പരിണിതഫലങ്ങളും കൃത്യമായ പാരന്റിങ്ങിന്റെ ആവശ്യകതയും തുടങ്ങി നമുക്ക് ചുറ്റും അല്ലെങ്കിൽ നമ്മളിൽ തന്നെ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ അടിവരയിട്ട് കാണിക്കുന്ന സിനിമ. അങ്ങനെ ആസ്വാദനത്തിനൊപ്പം അറിവ് പകരുന്ന ഉറപ്പായും ഒരു ഇൻഫോർട്ടമെന്റ് ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന നല്ലൊരു കഥ പറയുന്ന സാമൂഹിക പ്രതിബദ്ധതയിൽ ഒരുക്കിയ ഒരു മനോഹരമായ ചിത്രം അതാണ് മുറിവ്