ഇന്ത്യയിൽ വെബ് സീരീസ് വിഭാഗത്തിൽ സ്പാനിഷ് വെബ് സീരീസായ ‘മണി ഹീസ്റ്റ്’ ഒന്നാം സ്ഥാനത്ത്. ഗൂഗിൾ ഇന്ത്യയുടെ ‘ഇയർ ഇൻ സെർച്ച്’ പട്ടികയിലാണ് ‘മണി ഹീസ്റ്റ്’ ഒന്നാമതെത്തിയത് ഹൻസൽ മെഹ്തയുടെ ‘സ്കാം 1992 ‘വിനാണ് രണ്ടാം സ്ഥാനം. മിർസാപൂർ 2, പാതാൾ ലോക്, സെക്സ് എജുക്കേഷൻ, ബ്രീത്ത്, എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിലാണ്. ഡാർക്ക് ഏഴാം സ്ഥാനത്താണ്.
ലോകത്താകമാനം ആരാധകരുള്ള ‘മണി ഹീസ്റ്റ്’ 2017 മെയിൽ ‘ലാ കാസ ഡി പാപ്പൽ’ എന്ന പേരിലാണ് ആദ്യം പുറത്തിറങ്ങിയത്. മെയ് മുതൽ നവംബർ വരെ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ ചാനലിലായിരുന്നു സീരീസ് സംപ്രേക്ഷണം ചെയ്തിരുന്നത്. പക്ഷേ അന്ന് സീരീസ് വലിയ പരാജയമാവുകയായിരുന്നു. എന്നാൽ പിന്നീട് നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റിയ ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തിൽ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തു. ഇത് വൻ വിജയമാവുകയായിരുന്നു. ഇപ്പോൾ സീസൺ 5 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ഓഹരി കുംഭകോണമാണ് ‘സ്കാം 1992 ‘ ചർച്ച ചെയ്യുന്നത്. ഹർഷദ് മേത്തയാണ് കഥയിലെ നായകൻ. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളികളിൽ ഒരാളാണ് ഹർഷദ് മേത്ത. ഹർഷദിന്റെ വളർച്ചയും തകർച്ചയുമാണ് സീരിസിൽ അവതരിപ്പിക്കുന്നത്.
മിർസാപൂർ പട്ടണത്തിന്റെ പശ്ചാത്തത്തിൽ നടക്കുന്ന ഒരു ക്രെെം ആക്ഷൻ ത്രില്ലറാണ് മിർസാപൂർ 2. ആദ്യ പതിപ്പ് വലിയ ഹിറ്റായ മിർസാപൂർ 2 മയക്കു മരുന്നു കച്ചടവും ഗാങ് വാറും അക്രമവും രാഷ്ട്രീയവുമൊക്കെയാണ് പറയുന്നത്. കരൺ അൻഷുമാർ, ശുമ്റീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ.