ആറ് വർഷം മലയാള സിനിമക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഒരു മാറ്റം മാത്രം മലയാളത്തിന് മാറ്റി നിർത്താനാവില്ലായിരുന്നു. പ്രിയനായിക ഭാവനയുടെ അസാന്നിധ്യം. അത് കൊണ്ട് തന്നെയാണ് നൂറിരട്ടി സ്നേഹത്തോടെ മലയാളം അവരെ തിരികെ വിളിച്ചതും. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസിനെത്തിയ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് ഭാവന നടത്തിയിരിക്കുന്നത്. ഭാവനയുടെ ‘തിരിച്ചുവരവിലെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്’ എന്ന് പറയുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ‘കേരളം ഭാവനയെ വരവേൽക്കുന്നു’ എന്ന് മന്ത്രി കുറിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
“തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളര്‍ച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തില്‍ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. ഭാവനയില്‍ കാണുന്ന സ്വജീവിതം കെട്ടിയുയര്‍ത്താന്‍ ഓരോരോ പെണ്‍കുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്‌ഘോഷിക്കുന്ന റീ-എന്‍ട്രി. കേരളം നിങ്ങളെ വരവേല്‍ക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേര്‍ന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവര്‍ക്കും അഭിവാദനവും നേരുന്നു.”
ഭാവനയുടെ തിരിച്ചു വരവിന് സിനിമക്കകത്തും പുറത്ത് നിന്നും നിരവധി പേരാണ് ആശംസകൾ നേർന്നത്. ഷറഫുദ്ധീൻ നായകനായി എത്തുന്ന പ്രണയചിത്രമായ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രം, എവിടെയോ നഷ്ടപ്പെട്ട് പോയ തന്റെ പ്രണയവും, ജീവിതവും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ജിമ്മി അബ്ദുൽഖാദറിന്റെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് പറയുന്നത്. ജിമ്മിയായി ഷറഫുദ്ധീനും നിത്യ എന്ന കഥാപാത്രമായി ഭാവനയും ആണ് എത്തുന്നത്. അനാർക്കലി നസീർ, അശോകൻ, അദ്രി ജോ, സാദിഖ്, മെർലിൻ, അനിൽ ആന്റോ, ദിവ്യ, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.