മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ അടുത്തൊരു സിനിമ വരുന്നു എന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കാത്തിരിപ്പാണ്, കാത്തിരിപ്പിന് അവസാനം ഇട്ടുക്കൊണ്ട് എബ്രഹാം ഓസ്‌ലർ പ്രേക്ഷകർക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. പുതുമ നിലനിർത്തുക എന്നത് മിഥുൻ മാനുവൽ എന്ന സംവിധായകന്റെ സിഗ്നേച്ചർ ഐറ്റം ആയതുകൊണ്ട് തന്നെ പുതുമ നിലനിർത്തിക്കൊണ്ട് മറ്റൊരു ഐകോണിക് ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയുമായി തന്നെയാണ് സംവിധായകന്റെ ഈ വരവ്.
2 വർഷത്തെ ഇടവേളക്ക് ശേഷമുള്ള ജയറാമിന്റെ നായക വേഷം, അതും ഒരിടവേളക്ക് ശേഷം പോലീസ് വേഷത്തിൽ തന്നെ എത്തിയപ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ജയറാമിനെ ആണ് നമുക്ക് കാണാൻ സാധിച്ചത്. സൂപ്പർ സ്റ്റാറുകളുടെ മാസ്സ് ഇൻട്രോ സീനുകൾ ഇതിൽ ഇല്ലാത്തത് സിനിമയെ വേറിട്ട് നിർത്തുന്നുണ്ട്.
ആദ്യ പകുതിയോട് അടുക്കുമ്പോൾ തന്നെ ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. രണ്ടാം പകുതിയിൽ ട്വിസ്റ്റുകളുടെ പേമാരി എന്ന് തന്നെ പറയാം. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചില മുഖങ്ങളും, വേറിട്ട കഥാപാത്ര രീതിയും കാണുന്നുണ്ട്. മമ്മൂട്ടിയുടെ വരവ് ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു.
മമ്മൂട്ടിയുടെ ഒരു ബാക്ക് ഷോട്ടിലൂടെ തന്നെ പ്രേക്ഷകർക്ക് ആളെ പിടി കിട്ടി, തിയേറ്റർ ഉടൻ തന്നെ പൂരപ്പറമ്പ് ആയി മാറിക്കഴിഞ്ഞിരുന്നു. സൂപ്പർ താരങ്ങളുടെ ക്യാമിയോ സിനിമയെ എങ്ങനെ ലിഫ്റ്റ് ചെയ്യും എന്നത് കുറച്ച് കാലങ്ങളായി നമ്മൾ കാണുന്നുണ്ട്, പക്ഷെ അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ നരസിംഹത്തിലൂടെ മമ്മൂക്ക തന്നെ ഈ ഹൈപ്പ് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ ഹൈപ്പ് കൂട്ടുന്നതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്.
ഓരോ അഭിനേതാക്കളേയും എടുത്ത് പറയേണ്ടത് തന്നെയാണ്. അടുത്ത കാലങ്ങളിലായി പുതിയ പുതിയ വേഷങ്ങൾ ചെയുന്ന ജഗദീഷ് ഈ സിനിമയിലും പുതുമ കൊണ്ട് വന്നിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു വേഷമാണ് അനശ്വര അവതരിപ്പിച്ച കഥാപാത്രം.
അഞ്ചാം പാതിരാ പോലെ തന്നെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ നെ ചുറ്റിപറ്റിയുള്ള കഥ ആണ് എബ്രഹാം ഓസ്ലർ, എങ്കിലും സിനിമയുടെ പാറ്റേൺ ആണ് സിനിമയെ വേറിട്ട് നിർത്തുന്നത്. ഡോ രൺധീർ കൃഷ്ണന്റെ മികവുറ്റ രചനയും, തേനി ഈശ്വരുടെ ക്യാമറയും, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും, മിഥുൻ മുകുന്ദന്റെ മ്യൂസിക്കും എല്ലാം ചേർന്ന ഒരു വെൽ പാക്കഡ് ഐറ്റം തന്നെയാണ് ‘എബ്രഹാം ഓസ്ലർ’. രണ്ടര മണിക്കൂർ ഒരു കേസിലൂടെ പ്രേക്ഷകർക്കും സഞ്ചരിക്കാൻ കഴിയും എന്നതിൽ സംശയമില്ല.