Cinemapranthan

‘തലയെടുപ്പോടെ തലവൻ’ ക്ലൈമാക്സിൽ ഞെട്ടിച്ച് വീണ്ടുമൊരു സസ്പെൻസ് ത്രില്ലെർ; ‘തലവൻ’ റിവ്യൂ വായിക്കാം

null

ആസിഫ് അലി -ബിജുമേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘തലവൻ’ കണ്ടുവരുന്ന വഴിയാണ് പ്രാന്തൻ. നമുക്കറിയാം ബിജു മേനോൻ -ആസിഫ് അലി കൂട്ടുകെട്ടിൽ ഒന്നിച്ച സിനിമകളൊന്നും നമ്മളെ നിരാശരാക്കിട്ടില്ല.. ആ വിജയ കൂട്ടുകെട്ട് ഇവിടയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയോടെ തന്നെ ആണ് പ്രാന്തൻ സിനിമക്ക് ടിക്കറ്റ് എടുത്തത്. പ്രതീക്ഷ തെറ്റിയില്ല, ഒറ്റ വാക്കിൽ പറഞ്ഞാൽ ‘കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ’. മാസ്സ് ഡയലോഗുകളും ഫൈറ്റും സസ്‌പെൻസും എല്ലാം ഒത്തുചേർന്ന കംപ്ലീറ്റ് പാക്കേജ്.

എണ്ണത്തിൽ കൂടുതൽ ഫീൽഗുഡ് സിനിമകൾ ചെയ്തതുകൊണ്ടാവാം ജിസ് ജോയ് എന്ന സംവിധായകനുമേൽ പ്രേക്ഷകൻ ചാർത്തി കൊടുത്തൊരു വിലാസം ഫീൽ ഗുഡ് സിനിമകളുടെ ബ്രാൻഡ് അംബാസിഡർ എന്നാണ്.. എന്നാൽ പലരും മറന്നു പോകുന്ന അല്ലെങ്കിൽ മനപ്പൂർവ്വം വിസ്മരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബൈസിക്കിൾ തീവ്സ് എന്ന ചിത്രം. ട്വിസ്റ്റും സസ്‌പെൻസും ആവോളമുള്ള ഈ സിനിമയിലൂടെ തന്നെ ജിസ് ജോയ് തെളിയിച്ചിട്ടുണ്ട് ഒരു ത്രില്ലെർ സിനിമയൊരുക്കാനുള്ള തന്റെ പ്രാവിണ്യം. തലവനിലേക്ക് വരുമ്പോൾ ഇതേ പ്രാവിണ്യം തന്നെ ആണ് സിനിമക്ക് മുതൽകൂട്ടായതും.

ട്രൈലെർ കണ്ടപ്പോൾ പ്രാന്തന് തോന്നിയിരുന്നത് രണ്ടു പോലീസുകാരുടെ ഈഗോ ക്ലാഷുകളുടെ കഥയാവും തലവൻ എന്നാണ്. എന്നാൽ ഒരേ പൊലീസ് സ്റ്റേഷനിലെ സി ഐ ജയശങ്കറും എസ് ഐ കാര്‍ത്തികും തമ്മിലുള്ള അധികാരത്തിലേയും അന്വേഷണത്തിലെയും തര്‍ക്കങ്ങളിലൂടെ തുടങ്ങി വ്യത്യസ്തമായൊരു കുറ്റാന്വേഷണത്തിലേക്കാണ് സഞ്ചരിക്കുന്ന ത്രില്ലെർ സിനിമയാണ് തലവൻ. സി ഐയായി ബിജു മേനോനും എസ് ഐയായി ആസിഫ് അലിയും ആണ് എത്തുന്നത്. ഇരുവരുടെയും പെർഫോമൻസ് തന്നെ ആണ് സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്

തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തി തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ. ദീപക് ദേവിന്റെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.




സസ്പെൻസ് ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാവുന്ന ചിത്രം ആണ് തലവൻ. എല്ലാവരും തീയേറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കണമെന്നേ പ്രാന്തന് പറയാനൊള്ളൂ

cp-webdesk

null