ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധവും തീക്ഷ്ണവും പരിശുദ്ധവുമായ ഒരു വൈകാരിക ബന്ധം.. മനുഷ്യ വികാരങ്ങളിൽ അത്രമേൽ പ്രിയപ്പെട്ടൊരു വികാരം.. പരസ്പരം ആദരവോടെ മനസ്സിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന അനന്തമായ വികാരമാവുന്നു പ്രണയം.. ഒരിക്കെലെങ്കിലും അതുപോലൊരു വികാരം മനസിൽ തോന്നാത്ത അതിൽ അലിഞ്ഞുചേരാത്തവരായി ആരുമുണ്ടാവില്ല. അവരിലേക്കാണ്.. അവരുടെ ഖൽബിൽ കൊളുത്തി വലിക്കാനാണ് പ്രണയം നിറച്ച കഥയുമായി ‘ഖൽബ്’ എത്തിയത്.
പുതുമയും വ്യത്യസ്ഥവും പരീക്ഷണാത്മകവും ആയ പ്രമേയങ്ങൾ അവതരിപ്പിച്ചു എന്നും നമ്മളെ അതിശയിപ്പിച്ച ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും പുതിയ ഉദ്യമം.. ഏതാണ്ട് നാല്പതോളം പുതുമുഖങ്ങളെ അണിനിരത്തി സാജിദ് യഹിയ സംവിധാനം ചെയ്യ്ത ചിത്രം ‘ഖൽബ്’ കണ്ടു വരുന്ന വഴിയാണ്.. ഒറ്റവാക്കിൽ ചിത്രത്തെ ആലപ്പുഴയുടെ പശ്ചാത്തലത്തിൽ തീവ്രപ്രണയം പ്രമേയമായി വരുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാം.. ബാക്കി വിശേഷണങ്ങൾ വഴിയേ..
ആലപ്പുഴയുടെ സ്ഥിരം ചേരുവകളായ കായല്‍പരപ്പും കളള്ഷാപ്പും കരിമീനും പച്ചവിരിച്ച നെല്‍പ്പാടങ്ങളെയും അപ്പാടെ മാറ്റി പ്രതിഷ്ഠിച്ച് മലയാള സിനിമ ഇക്കാലമത്രയും ആരായത്തൊരു ആലപ്പുഴയുടെ മുഖത്തെയാണ് ഖല്‍ബ് തുറന്നിടന്നത്. ബീച്ചും ടുറിസവും ഹിപ്പി കള്‍ച്ചറും അവിടുത്തെ വൈദേശികതകളുടെ ബാക്കിപത്രവുമെല്ലാം കണ്ണിനെ മയക്കുന്ന ദൃശ്യ വിരുന്നോടെ ആണ് സ്ക്രിനില്‍ തെളിയുന്നത്. എക്കാലവും നമ്മള്‍ ക്ലീഷേ ആവും എന്ന മുന്‍വിധിയോടെ മാത്രം കണ്ട പ്രണയ കഥകള്‍ എത്രത്തോളം വ്യത്യസ്തമാക്കാം എന്ന ചിന്തയില്‍ നിന്നു തന്നെയാവാം ചിത്രം സ്ഥിരം പാറ്റേണില്‍ നിന്നും അണിയറക്കാര്‍ മാറ്റിയൊരുക്കിയതും. പശ്ചാത്തല ഭൂമികയില്‍ നിന്നും തുടങ്ങുന്ന പുതുമ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും എല്ലാം സഞ്ചരിക്കുന്നു കേവലം കഥാപാത്രങ്ങളുടെ പേരില്‍ പോലും ആ പുതുമ പ്രകടമാണ്

കഥയുടെ കാതലിലേക്കിറങ്ങിയാല്‍ ഒരു ഹൃദയം പ്രണയത്തിലായാൽ ആ ഹൃദയം ഏഴു തലങ്ങളിലൂടെ കടന്നുപോകുമെന്നാണ് സൂഫി വര്യന്മാർ പറയുന്നത്.. ആ തത്വചിന്ത തന്നെ ആണ് ‘ഖൽബ്’ എന്ന ചിത്രത്തിന്റെയും കാതൽ.

പ്രണയത്തെ അന്യ നാട്ടിലേക്ക് കടക്കാനുള്ള ഒരു പാസ്പോര്‍ട്ടായ് മാത്രം കണ്ടിരുന്ന ലിയനാർഡോ കൽപോ എന്ന ചെറുപ്പക്കാരന്‍റെയും അവന്‍റെ ജീവിതത്തിലേക്ക് ഒരു മാടത്തയെ പോലെ പറന്നുവരുന്ന തുമ്പി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ഖല്‍ബ്. അവരുടെ പ്രണയത്തിന്‍റെ എഴ് തലങ്ങള്‍.. ദിൽകാഷി, ഉൻസ്, മൊഹബത്ത്, അക്കിദാത്, ഇബാദത്ത്, ജുനൂൻ, മൗത്ത് തുടങ്ങിയ ആ ഏഴു തലങ്ങളിലൂടെ ഉള്ള മനോഹരമായൊരു യാത്ര.. അതിൽ പ്രണയവും സൗഹൃദവും തമാശയും സാഹസികതയും വാത്സല്യവും വൈകാരികതയുമെല്ലാം വന്നു പോവുന്നു.. അൽപ്പം അലങ്കാരികമായാൽ.. മാലയിൽ കോർത്തിട്ട പവിഴ മുത്ത് പോലെ.. പ്രണയ കിതാബിൽ വരച്ചെടുത്ത വർണ്ണ ചിത്രം പോലെ.. വെള്ളിനിലാവിൽ വിടർന്ന പൊൻതാരകം പോലൊരു മനോഹര ചിത്രം. അനവധി പ്രണയകാവ്യങ്ങൾ പിറന്ന വെള്ളിത്തിരയിലേക്ക് ലക്ഷണമൊത്ത ഒന്നുകൂടി സാജിദ് യഹിയ എന്ന സംവിധായകൻ തുന്നി ചേർത്തിരിക്കുന്നു..

ഒപ്പം ഓർമ്മിക്കേണ്ട പേര് സുഹൈൽ കോയ എന്ന എഴുത്തുകാരന്റെതു കൂടി ആണ്. മലയാള സിനിമ ലോകത്തേക്ക് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗാനരചിയിതാവ് സുഹൈൽ കോയ ആദ്യമായി തിരക്കഥാകൃത്തായി അരങ്ങേറുന്ന ചിത്രം കൂടി ആണ് ഖൽബ് കൂടാതെ 18 ഓളം ഗാനങ്ങളും സുഹൈൽ ഈ ചിത്രത്തിന് വേണ്ടി രചിച്ചിട്ടുണ്ട്.
മനോഹര ഫ്രെയിംകൾ കൊണ്ട് സമ്പന്നമായ ഖൽബിന് പിന്നിലെ ക്യാമറ ചെയ്തിരിക്കുന്നത് നവാഗതനായ ഷാരോൺ ശ്രീനിവാസ് ആണ്. എഡിറ്റിങ് നവാഗതനായ അമൽ മനോജ് മ്യൂസിക്കന് അതിപ്രാധ്യാന്യമുള്ള ചിത്രത്തിന് സംഗീതം പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിക്ക് എന്നി മൂന്ന് പേരാണ്. അണിയറയിലെ ഈ പുതുമുഖങ്ങൾക്കും കയ്യടിച്ചേ മതിയാവു