നാട്ടിന്‍പുറവും നാട്ടിന്‍പുറ തമാശകളും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.. മഴവില്‍ കാവാടിയും പൊന്‍മുട്ടയിടുന്ന താറവും അടക്കം നമ്മള്‍ തൊണ്ണൂറുകളില്‍ കണ്ടു ചിരിച്ച ഒരുപാട് ചിത്രങ്ങളുണ്ട് അക്കൂട്ടത്തിലേക്ക് ചേർത്ത് വയ്ക്കാൻ പറ്റുന്ന..അല്ലെങ്കിൽ ഒരു നാടും നാട്ടുകാരും മുഴുവൻ നമ്മളെ വന്ന് ചിരിപ്പിച്ച സിനിമകൾക്കുള്ള പുതിയ കാലത്തിന്റെ ഒരു ട്രിബ്യൂട്ട് ആണ് മഹാറാണി എന്ന് ഒറ്റവാക്കിൽ പറയാം.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാറാണി’. ചേർത്തല പരിസരത്തെ ഒരു ഗ്രാമീണ ജീവിതത്തിന്റെ രസകരമായ കഥപറയുന്ന ചിത്രം പ്രേമം, പ്രേമത്തിലെ നടക്കുന്ന ഒളിച്ചോട്ടം അതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ അതേറ്റെടുക്കുന്ന പാർട്ടിക്കാർ തുടങ്ങി ഗൗരവകരമായ വിഷയം ഏറ്റവും ലളിതമായി രസകരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍.
ഒരു പുസ്തകമെഴുതാൻ കഥയന്വേഷിച്ച് നടക്കുകയായിരുന്ന ഗ്രാമത്തിലെ മുതിർന്ന സഖാവിന്റെ മുന്നിൽ അവിചാരിതമായി കുറച്ച് സംഭവവികാസങ്ങൾ അരങ്ങേറുകയും താൻ അന്വേഷിച്ച് നടന്ന കാമ്പുള്ള കഥ കൺമുന്നിൽ തെളിഞ്ഞ സന്തോഷത്തിൽ അയാൾ തന്റെ പഴയ ടെെപ്പ് റൈറ്ററിൽ കഥയെഴുത്ത് ആരംഭിക്കുന്നിടത്ത് നിന്നാണ് മഹാറാണിയും ആരംഭിക്കുന്നത്.
മന്മദന്‍ എന്ന കള്ളു ഷാപ്പ് ഉടമയും അയാളുടെ സുഹൃത്തുക്കളെ പോലെ പെരുമാറുന്ന അജി വിജി എന്നീ മക്കളും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.. അച്ഛനെ അണ്ണനെന്ന് വിളിച്ച് തോളിൽ കെെയിട്ട് നടക്കുന്ന രണ്ടുമക്കളും ചേർന്നുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു നാടിനെയാകെ ബാധിക്കുന്ന തരത്തിലേയ്ക്ക് എങ്ങനെ മാറുന്നുവെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. അച്ഛൻ കഥാപാത്രമായി ജോണി ആന്റണിയും ഭാര്യ മംഗളമായി നിഷ സാരംഗും ആണ് എത്തുന്നത്. താരങ്ങളുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകം. പതിവ് രീതിയിലുള്ള ഗൗരവമേറിയ വേഷങ്ങളില്‍ നിന്നും മാറി പ്രേക്ഷകനെ ചിരിപ്പിക്കുന്ന അനവധി മുഹൂര്‍ത്തങ്ങള്‍ മഹാറാണിയില്‍ റോഷൻ ചെയ്തിട്ടുണ്ട്. ഷൈൻ ടോം ചാക്കോയും തന്റെ പതിവ് വേഷങ്ങളിൽ നിന്നും മാറിയുള്ള പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവയ്ക്കുന്നത്.
തന്റെ സിനിമ കരിയറിൽ പാവാടയും, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസും അടക്കം പ്രേക്ഷകന് മിനിമം ഗ്യാരന്റീ ഉറപ്പിക്കാവുന്ന ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജി. മാർത്താണ്ഡൻ.. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മഹാറാണിയും അതെ ഗ്യാരന്റീ ഊട്ടി ഉറപ്പിക്കുന്നു എന്ന് വേണം പറയാൻ.. ഒരുപക്ഷെ കോമഡിയിലൂന്നി കഥപറയുന്നതുകൊണ്ടുതന്നെ മഹാറാണിയോട് പ്രേക്ഷകന് കൂടുതൽ ഇഷ്ട്ടം കൂടാനും സാധ്യതയുണ്ട്..
ധൈര്യമായി ടിക്കറ്റ് എടുക്കാം