Cinemapranthan

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലെ അതിജീവിനത്തിനായുള്ള പോരാട്ടം; ‘പൊന്‍മാന്‍’ റിവ്യൂ വായിക്കാം

null

മൂന്നാല് വര്‍ഷം മുന്‍പാണ് ജി ആര്‍ ഇന്ദുഗോപന്‍റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവല്‍ പ്രാന്തന്‍ വായിക്കുന്നത്. വായിക്കുമ്പോള്‍ തന്നെ നോവലിനൊരു സിനിമാറ്റിക് ഫീല്‍ തോന്നിയതിനാൽ നോവലിലെ കഥാപാത്രങ്ങളായ അജേഷും മാരിയാനോയും ബ്രൂണോയും സ്റ്റെഫിയുമെല്ലാം അന്നേ പ്രാന്തന്‍റെ മനസ്സില്‍ കയറിക്കൂടീയിരുന്നു. അജേഷായി ആസിഫ് അലിയും മരിയാനോയായി ചെമ്പന്‍ വിനോദും ആയിരുന്നു അന്ന് അത് വായിച്ചപ്പോള്‍ പ്രാന്തന്‍റെ മനസ്സില്‍ തെളിഞ്ഞരൂപങ്ങൾ.

ഇന്ന് ഇതേ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായ പൊന്മാൻ കണ്ടിറങ്ങിയിരിക്കുകയാണ് പ്രാന്തൻ.. സിനിമയെ പറ്റി പറയും മുൻപേ സിനിമയിലെ കാസ്റ്റിംഗിനെ കുറിച്ച് പറയാം.. അജേഷായി ബേസിൽ ജോസഫും മരിയാനോയായി സജിൻ ഗോപുവും.. എന്റെ പൊന്നു സുഹൃത്തുക്കളെ പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. ഈ അടുത്തു കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് എന്ന് പറഞ്ഞാലും കൂടി പോകില്ല. ബേസിലിന്റെയും സജിൻ ഗോപുവിന്റെയും മാത്രം അല്ല അഭിനയിച്ച എല്ലാവരുടെയും കിടിലൻ പെർഫോമൻസ് ആയിരുന്നു സിനിമയിൽ. സ്റ്റെഫിയായി എത്തിയ ലിജോ മോളുടെ പ്രകടനവും എടുത്ത് പറയണം. നാലഞ്ച് ചെറുപ്പക്കാർ വായിച്ചവർക്കും വായിക്കാത്തവർക്കും പക്കാ തീയറ്റർ എക്സ്പീരിയൻസ് ആയിരുന്നു സിനിമ.

മെയില്‍ ഇഗോയുടെ വ്യത്യസ്ത അവസ്ഥാന്തരങ്ങളെ ഏറ്റവും മനോഹരമാക്കി ഏറ്റവും എഴുതിചേർക്കുന്ന എഴുത്തുകാരണനാണ് ഇന്ദുഗോപൻ പൊന്മാനിലേക്ക് എത്തുമ്പോൾ ഉദ്വേഗമാണ് രസച്ചരട്, അത് സ്ത്രീധനം എന്ന എക്കാലവും പ്രസക്തമായ സാമൂഹിക വിഷയത്തിന്റെ പശ്ചാലത്തിൽ കൂടി പറയുമ്പോൾ പൊന്മാൻ വെറുമൊരു എന്റെർറ്റൈനെർ എന്നതിലുപരി പൊളിറ്റിക്കൽ സിനിമകൂടി ആവുകയാണ്.

ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തമാണ് പൊന്മാൻ അതിനൊരു കാരണം മിന്നൽ മുരളി എഴുതിയ ജസ്റ്റിൻ മാത്യുവും ഇത്തവണ അദ്ദേഹത്തിന്റെ സഹ എഴുത്തുകാരനായി ഉണ്ടെന്നുള്ളതാണ്. അതിലൊക്കെ ഉപരി ജ്യോതിഷ് ശങ്കർ എന്ന സംവിധായകന്റെ ക്രഫ്റ്റും പൊന്മാന്റെ തിളക്കം കൂട്ടുന്നുണ്ട്.

ഭ്രമയുഗം, നീലവെളിച്ചം, കുമ്പളങ്ങി നൈറ്റ്സ് ഉൾപ്പടെയുള്ള സിനിമകളിൽ വർക്ക്‌ ചെയ്ത മലയാളത്തിലെ ഇന്ന് ലഭിക്കുന്ന എണ്ണം പറഞ്ഞ ആർട്ട്‌ ഡയറക്ടർമാരിൽ ഒരാളായ ജോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പൊന്മാൻ. തീർച്ചയായും പൊൻമാൻ അദ്ദേഹത്തിന്റെ സിനിമ കരിയറിൽ ഒരു പൊൻതൂവൽ തന്നെയാണ്.

സ്റ്റെഫി എന്ന പെണ്കുട്ടിയുടെ കല്യാണത്തിന് സ്വർണ്ണം തികയാതെ അത് തട്ടികൂട്ടാൻ സഹോദരനായ ടെറൻസ് ബ്രൂണോ ‘മടിയിൽ ജ്വല്ലറി’ ഏജന്റ് അജേഷിന്റെ സഹായം തേടുന്നതും തുടർന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങൾ കാരണം സ്വർണ്ണം തിരിച്ചു കിട്ടാതാവുന്നതും, സ്വർണ്ണം തിരിച്ചു പിടിക്കാനായുള്ള അജേഷിന്റെ നെട്ടോട്ടവുമാണ് കഥാതന്തു. ജീവിത പ്രാരാഭ്ദങ്ങൾക്കിടയിൽ അതിജീവനത്തിനായി പോരാടുന്നവരാണ് സിനിമയിൽ നമുക്ക് കാണാനാവുക. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കിടയിൽ കാണാവുന്ന പച്ച മനുഷ്യരുടെ പ്രതിനിധികളാണ് അജേഷും മരിയാനോയും എല്ലാം.

കൊല്ലം, മണ്രോ തുരുത്ത് തുടങ്ങിയ സ്ഥലങ്ങളാണ് കഥക്ക് പശ്ചാത്തലം. കഥയോട് അത്രക്ക് ഇണങ്ങി നിൽക്കുന്ന പശ്ചാത്തലം തന്നെ ആയിരുന്നു കാഴ്ച്ചയിൽ അനുഭവപ്പെട്ടത് അതിനു സാനു ജോൺ വർഗീസ് എന്ന ക്യാമറാമാന്റെ ഫ്രെയ്‌മുകൾ സഹായകരമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ബിജിഎം, സോങ്‌സ് എല്ലാം പക്കാ ആയിരുന്നു. മൊത്തത്തിൽ ടെക്നിക്കൽ മേഖലഎല്ലാം പെർഫെക്റ്റ്. ജ്യോതിഷ് ശങ്കറിന്റെ ആദ്യ സിനിമ ആണെന്ന് ഒരിക്കലും പറയില്ല. അത്രക് കിടിലൻ ആയി എടുത്തു വച്ചിട്ടുണ്ട്. ഒരിക്കലും തീയറ്ററിൽ മിസ് ചെയ്യരുതെന്ന് മാത്രമേ പ്രാന്തന് പറയാനൊള്ളൂ

cp-webdesk

null