മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സുവർണ്ണ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നതെന്നതിൽ പ്രാന്തന് തർക്കമില്ല. ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളും മികച്ച നിലവാരം പുലർത്തുന്നു എന്നതിലുപരി അതെല്ലാം പ്രേക്ഷകർ ഇരു സ്വീകരിക്കുന്നു എന്നത് പ്രാന്തന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഇതൊക്കെ പറയുമ്പോഴും അതിനിടയിൽ കൂടെ ഉയർന്നു വരുന്നൊരു വിമർശനമായിരുന്നു മലയാള സിനിമയിൽ സ്ത്രീ പ്രാധിനിത്യം കുറയുന്നു അല്ലെങ്കിൽ നായികാ പ്രാധാന്യമുള്ള സിനിമകളിറങ്ങുന്നില്ല എന്നത്. അവിടെയാണ് ആ വിമര്ശങ്ങള്ക്കെല്ലാം ഉള്ള മറുപടിയാണ്.. ഇന്ന് റീലിസ് ആയ ‘മന്ദാകിനി’ എന്ന ചിത്രം.
നവാഗതനായ വിനോദ് ലീലാ സംവിധാനം ചെയ്ത് അനാർക്കലി മരക്കാർ, അൽത്താഫ് സലിം എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മന്ദാകിനി. പടത്തെ പറ്റി ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഒരുപാട് ചിരിക്കാനുള്ള ഒരു കിടിലൻ ചിത്രം. ഒരിടത്തും ബോറടിക്കാതെ അഭിനയിവരല്ലാം ഗംഭീര പെർഫോമൻസ് പുറത്തെടുത്ത മുഴുനീളൻ കോമഡി എന്റർടൈനർ.
നമുക്കറിയാം.. പറയുന്ന ഡയലോഗിൽ കോമഡി ഇല്ലെങ്കിലും തൻ്റെ ഡയലോഗ് ഡെലിവെറിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു നടനാണ് അൽതാഫ് സലിം. കുറച്ച് ചിത്രങ്ങളിലൂടെ ആണെങ്കിലും പ്രാന്തന്റെ മനസ്സിൽ കയറിക്കൂടിയ നടിയാണ് അനാർക്കലി. അവർ രണ്ടു പേരും ഒന്നിച്ച് ഒരു കോംബോ ആയി എത്തുന്ന സിനിമ എന്ന കാരണം പ്രാന്തനെ വല്ലാതെ എക്സൈറ്റ് ചെയ്യിച്ചിരുന്നു.. കൂടാതെ നിർമ്മാതാവായ സഞ്ജു എസ് ഉണ്ണിത്താൻ വെറുതെ ഒരു കോമഡി പടം ചെയ്യില്ലെന്ന ധാരണയും പ്രാന്തനുണ്ടായിരുന്നു. ആഭാസം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ട നല്ല സിനിമകൾ മലയാളികൾക്കായി തന്ന നിർമ്മാതാവാണ് അദ്ദേഹം.
സിനിമ കണ്ട് ഒരുപാട് ചിരിച്ചെങ്കിലും മന്ദാകിനിയെ നമുക്ക് വെറുമൊരു കോമഡി എന്റർടൈനർ എന്ന ജോണറിൽ മാത്രം ഒതുക്കി നിർത്താൻ കഴിയില്ല കാരണം മന്ദാകിനി തമാശയിലൂടെ പറഞ്ഞു വെക്കുന്നത് അൽപ്പം ഇമോഷണൽ ആയ സീരിയസ് ആയ സമൂഹത്തിൽ പലരും നേരിടേണ്ടിവന്ന പല പ്രശ്നങ്ങളെക്കുറിച്ചും കൂടിയാണ്.
ഇനി കഥയിലേക്ക് വരുമ്പോൾ ആരോമലിന്റെയും അമ്പിളിയുടെയും അതായത് അൽത്താഫ് അനാർക്കലി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ.. അവർ തമ്മിലുള്ള കല്യാണത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിവാഹശേഷം ആരോമലിന്റെ വീട്ടിലെത്തിയ അമ്പിളി രാത്രി അറിയാതെ തൻറെ ആദ്യ പ്രണയത്തെ പറയുകയും അത് വീട്ടുകാർ അറിയുന്നതും അതേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും തമാശയിൽ പൊതിഞ്ഞു കാണിക്കുന്നതാണ് മന്ദാകിനിയുടെ ആകെത്തുക. ഒരു കല്യാണ ദിവസവും ഇടയിൽ വന്നുപോകുന ഫ്ലാഷ് ബാക്ക് സീനുകളും മാത്രം വച്ച് ഇത്രയും ഗംഭീരമായ ഒരു കോമഡി എൻ്റർടെയ്നർ സിനിമ ചെയ്തെടുത്തു എന്നുള്ളത് തന്നെയാണ് മന്ദാകിനി എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. അനാർക്കലിയുടെ സ്ക്രീൻ പ്രസൻസും എടുത്ത് പറയേണ്ടതാണ്.. നാണത്തോടെ പുതുപെണ്ണായും കാമുകിയായും എത്തിയ അനാർക്കലി തൻറെ പെർഫോമൻസിലൂടെ അമ്പിളി എന്ന കഥാപാത്രത്തെ അത്രമേൽ മനോഹരമാക്കിയിട്ടുണ്ട്.
ആദ്യമായി ഒരു സിനിമ ചെയ്യുന്നു എന്നതിൻറെ യാതൊരുവിധ കുറ്റങ്ങളോ കുറവുകളോ പ്രേക്ഷകർക്ക് തോന്നാത്ത രീതിയിൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചുകൊണ്ടുള്ള കഥപറച്ചിൽ ആണ് വിനോദ് ലീല നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. വലിയ താരങ്ങളൊന്നും ഇല്ലാത്ത ഈ ചിത്രത്തെ ഇത്രക്ക് മനോഹരമാക്കാമെങ്കിൽ വരും കാലങ്ങളിൽ മന്ദാകിനിക്കും മുകളിൽ നിൽക്കുന്ന സിനിമകൾ ചെയ്യുമെന്ന പ്രതീക്ഷ അദ്ദേഹം നൽകുന്നുണ്ട്
പ്രാന്തന് എന്തായാലും ഒരു ഉറപ്പ് തരാം.. കുടുംബ സമേതമോ കൂട്ടുകാരുമായോ ഇനി ഒറ്റക്കാണെലും മന്ദാകിനി നിങ്ങളെ ചിരിപ്പിക്കും എന്ന ഉറപ്പ്