പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ ,അസുരൻ..
വെട്രിമാരൻ എന്ന സംവിധയകനെ അളക്കാൻ അദ്ദേഹത്തിന്റെ ഇപ്പറഞ്ഞ സിനിമകൾ തന്നെ ധാരാളമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾക്കെതിരെയും രാഷ്ട്രീയ/ അധികാര വർഗങ്ങളുടെ അനാസ്ഥകൾക്കെതിരെയും തെറ്റായ വ്യെവസ്ഥിതികൾക്കെതിരെയും തന്റെ സിനിമകൾ കൊണ്ട് കലഹിക്കുന്ന വെട്രിമാരന്റെ ഏറ്റവും പുതിയ സിനിമയാണ് വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘വിടുതലൈ’
ബി ജെയമോഹൻ എഴുതിയ “തുണയ്‌വൻ “എന്ന നോവലിനെ ആധാരമാക്കി വെട്രിമാരൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് വരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇന്നലെ പുറത്തിറങ്ങിയത്.
പ്രതീക്ഷിച്ചതു പോലെ ഒരു പക്കാ വെട്രിമാരൻ സിഗ്നേച്ചർ പതിഞ്ഞ ചിത്രം തന്നെ ആണ് വിടുതലൈ. മുൻ ചിത്രങ്ങളിൽ പറഞ്ഞ പോലെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളെ തന്നെ ആണ് വിടുതലൈ യിലും വെട്രിമാരൻ നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നത്.. കൃത്യമായി പറഞ്ഞാൽ പോലീസ് ഫോഴ്‌സും ആക്ടിവിസ്റ് ഗ്രൂപ്പും തമ്മിലുള്ള സംഘർഷത്തിന്റെ കഥയാണ് വിടുതലൈ, അരുമാപുരി എന്ന വനത്തിൽ നിന്ന് ധാതു സമ്പത്ത് വേർതിരിച്ചെടുക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകുന്നതും വനവിഭവങ്ങൾ ഖനനം ചെയ്യുന്നതിനെ ശക്തമായി എതിർത്ത് ജനകീയ ശക്തികൾ തടസ്സം നിൽക്കുകയും ഇവരെ അടിച്ചമർത്താൻ പോലീസ് വകുപ്പ് പതിവുപോലെ ക്രൂരമായ അക്രമം നടത്തുന്നതും അവർതമ്മിലുള്ള സംഘട്ടനവും ആണ് കഥതന്തു.
പോലീസ് സേനയിലെ കോൺസ്റ്റബിളായ കുമരേശന്റെ എന്ന കഥാപാത്രത്തിലൂടെ ആണ് കഥ വികസിക്കുന്നത്, കുമരേശന്റെ ഉള്ളിലെ ശരി തെറ്റുകൾ ആയാൽ നേരിടേണ്ടി വരുന്ന അടിച്ചമർത്തലുകൾ, മാനസിക സംഘർഷങ്ങൾ പ്രണയം, നിസ്സഹായത, തിരിച്ചറിവുകൾ തുടങ്ങി ആ കഥാപാത്രത്തിന്റെ ഓരോ മനസികാവസ്ഥയേയും ഗംഭീരമായി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. സൂരി ആണ് കുമരേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പോലീസ് ജോലി ചെയ്യുമ്പോഴുള്ള അദ്ദേഹത്തിന്റെ ശരീരഭാഷയും സത്യസന്ധതയുടെ പക്ഷത്തുള്ള അദ്ദേഹത്തിന്റെ ധാർഷ്ട്യവും ഒരു യഥാർത്ഥ പോലീസുകാരനെ അനുസ്മരിപ്പിക്കുന്നുണ്ട്. പീപ്പിൾസ് ആർമിയുടെ നേതാവായി ആണ് വിജയ് സേതുപതി എത്തുന്നത്. ആദ്യമായി വെട്രിമാരന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന വിജയ് സേതുപതി അൽപ്പം വ്യത്യസ്തനായി തോന്നി. വെട്രി മാരന്റെ മുൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി സിനിമയിൽ പലപ്പോഴും ഡോക്യുമെന്ററി ശൈലി പിന്തുടരുന്നുണ്ട് എങ്കിലും പറയുന്ന രാഷ്ട്രീയം കൊണ്ട് അതിനെ മറികടക്കുന്നുണ്ട്. നിങ്ങൾ ഒരു വെട്രിമാരൻ പ്രേക്ഷകന് ആണെങ്കിൽ തിയറ്റർ കാഴ്ചയിൽ ഒരിക്കലും നിരാശപ്പെടുത്തില്ല വിടുതലൈ അടുത്തതെന്താണെന്ന് അറിയാനുള്ള ആകാംഷ നിലനിർത്തി തന്നെയാണ് ആദ്യഭാഗം അവസാനിക്കുന്നത്