Cinemapranthan

‘കർഷകർ സന്തുഷ്ടരും അവർ കൃഷിയിടങ്ങളിലുമാണ്, ഡൽഹിയിലുള്ളത് ഡമ്മി കർഷകർ’; കൃഷ്ണകുമാർ

സച്ചിനെ പിന്തുണച്ച് കൊണ്ടാണ് കൃഷ്ണകുമാർ ഫേസ്ബുക് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്

null

ഡൽഹിയിൽ സമരം ചെയ്യുന്നത് ഡമ്മി കർഷകരാണെന്നും യഥാർത്ഥ കർഷകർ സന്തുഷ്ടരാണെന്നും നടൻ കൃഷ്ണകുമാർ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര സർക്കാരിനെ അനുകൂലിച്ച സെലിബ്രിറ്റീസുകളെ പിന്തുണച്ച് കൊണ്ട് കൃഷ്ണകുമാർ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഡൽഹിയിലെത് വ്യാജ കർഷക സമരമാണെന്നും ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റിസിനു കാശു കൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകൾ ആണ് പ്രത്യക്ഷപ്പെട്ടതെന്നും കൃഷ്ണകുമാർ കുറിച്ചു. കർഷക സമരത്തെ പിന്തുണച്ച് യുഎസ് പോപ്ഗായിക റിഹാന നടത്തിയ അഭിപ്രായ പ്രകടനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു കൊണ്ട് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെ നിരവധി താരങ്ങൾ പ്രതികരിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.

കൃഷ്ണകുമാറിന്റെ ഫേസ് ബുക്ക് കുറിപ്പ്

“ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയർ അതി ശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോൾ..അതും ഇതുവരെ കേൾക്കാത്ത ചില “സെലിബ്രിറ്റിസിന്റെ” രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്റുകൾ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീർന്നു..സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാൽ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്”

കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയ കൃഷ്ണൻകുമാർ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കായിക താരങ്ങളായ വിരാട് കോലി, അനിൽ കുംബ്ലെ, പി.ടി ഉഷ, നടന്മാരായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരെല്ലാം കേന്ദ്ര സർക്കാറിന് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

cp-webdesk

null