ജൂലൈ അവസാന വാരം നിരവധി ചിത്രങ്ങളും സീരീസുകളുമാണ് റിലീസിനായി എത്തുന്നത്. മലയാളത്തിൽ നിന്നും രണ്ട് സിനിമകൾ മാത്രമാണ് ഇത്തവണ തിയറ്ററുകൾ നിറക്കാൻ എത്തുന്നത്. കളിയും ചിരിയും കാര്യവും പ്രണയവും യുദ്ധമുറകളും ഒക്കെയായി മോളിവുഡും, ബോളിവുഡും, ഹോളിവുഡും തിയറ്ററുകൾ കീഴടക്കാൻ എത്തുകയാണ്.
ഹാപ്പിനസ് ഫോർ ബിഗിനേഴ്‌സ് (Happiness for Beginners)
എല്ലി കെമ്പറും ലൂക്ക് ഗ്രിംസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ് ‘ഹാപ്പിനസ് ഫോർ ബിഗിനേഴ്‌സ്’. വിക്കി വൈറ്റ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിവാഹമോചനത്തെത്തുടർന്ന്, ഹെലൻ (കെമ്പർ) ഒരു അപ്പലാച്ചിയൻ ട്രയൽ സർവൈവലിസ്റ്റ് കോഴ്സ് ബുക്ക് ചെയ്യുന്നു, അവിടെ വെച്ച് അവളുടെ ഇളയ സഹോദരന്റെ സുഹൃത്തായ ജേക്കിനെ (ഗ്രിംസ്) കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ജൂലൈ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാനാവും.
ടുഡേ വീ വിൽ ടോക്ക് എബൌട്ട് ദാറ്റ് ഡേ (Today We’ll Talk About That Day)
വ്യത്യസ്‌തമായി തോന്നുന്ന, എന്നാൽ ഒരേ സാരാംശമുള്ള, വ്യത്യസ്‌ത തലമുറകളിൽ നിന്നുള്ള ഒരു പ്രണയകഥ, നമ്മൾ ഇഷ്ടപ്പെടുന്ന ഒന്നിനു വേണ്ടിയുള്ള പോരാട്ടം, അതാണ് ‘Today We’ll Talk About That Day’ എന്ന ഇന്തോനേഷ്യൻ റൊമാന്റിക് – ഡ്രാമ ചിത്രം പറയുന്നത്. ‘One Day We’ll Talk About Today’ എന്ന സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും എത്തുന്ന ചിത്രമാണ് ‘ ടുഡേ വീ വിൽ ടോക്ക് എബൌട്ട് ദാറ്റ് ഡേ’. ജോർഡി പ്രണാത, റിയോ ദേവാന്റോ, യുനിത സിരെഗർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹൃദയഹാരിയായ ഒരു ഇമോഷണൽ ചിത്രമാണ്. അംഗ ദ്വിമസ് സസോങ്കോ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ജൂലൈ 27 ന് ചിത്രം റിലീസിന് എത്തും.
ദി വിച്ചർ (The Witcher)
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസാണ് ‘ദി വിച്ചർ’ 2nd വോളിയം. ദി വിച്ചർ സീസൺ 3യിലെ ഒന്നാമത്തെ വോളിയം ജൂൺ 29 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച വിഷ്വൽ ട്രീറ്റ് തന്നെ നൽകിയ ആദ്യ ഭാഗം ഗംഭീര മേക്കിങ് ആയിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണ് ‘ദി വിച്ചർ സീസൺ 3’.
മൃഗങ്ങളേക്കാൾ കൂടുതൽ ദുഷ്ടന്മാർ ആണ് മനുഷ്യർ എന്ന് തെളിയിക്കുന്ന ഒരു ലോകത്ത് തന്റെതായ ഇടം സ്ഥാനം നേടാൻ പാടുപെടുന്ന റിവിയയിലെ ഒരു ഒറ്റപ്പെട്ട രാക്ഷസ വേട്ടക്കാരനായ ജെറാൾട്ട്ന്റെ കഥയാണ് ദി വിച്ചർ 3. ഹെന്രി കവിൽ, ഫ്രയ അലൻ, അന്യ കലാട്ര എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ജൂലൈ 27 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് റിലീസിനെത്തുന്നത്.
(Haunted Mansion)
കാറ്റി ഡിപ്പോൾഡിന്റെ തിരക്കഥയിൽ, ജസ്റ്റിൻ സിമിയൻ സംവിധാനം ചെയ്ത സൂപ്പർനാച്യുറൽ ഹൊറർ കോമഡി ചിത്രമാണ് ഹോണ്ടഡ് മാൻഷൻ. ലക്കീത്ത് സ്റ്റാൻഫീൽഡ്, ടിഫാനി ഹദ്ദിഷ്, ഓവൻ വിൽസൺ, ഡാനി ഡിവിറ്റോ, റൊസാരിയോ ഡോസൺ, ഡാൻ ലെവി, ജാമി ലീ കർട്ടിസ്, ജാരെഡ് ലെറ്റോ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ‘ഹോണ്ടഡ് മാൻഷൻ’ എന്ന അതേ പേരിൽ തന്നെയുള്ള വാൾട്ട് ഡിസ്‌നിയുടെ തീം പാർക്ക് അട്രാക്ഷൻറെ രണ്ടാമത്തെ തിയറിട്ടിക്കൽ അഡാപ്റ്റേഷൻ ആണ് ‘ഹോണ്ടഡ് മാൻഷൻ’. അവിവാഹിതയായ ഒരു അമ്മയും മകനും ഒരു മാളികയിലേക്ക് താമസം മാറുന്നു, അത് പ്രേതബാധയുള്ള വീടാണെന്ന് മനസിലാക്കിയ അവർ, ആത്മാക്കളെ നേരിടാൻ, ഒരു മുൻ പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായി മാറിയ ടൂർ ഗൈഡിനെയും ഒരു പുരോഹിതനെയും ഒരു മാനസികരോഗിയെയും കോളേജ് പ്രൊഫസറെയും നിയമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം കാണിക്കുന്നത്. നേരത്തെ ഡിസ്നി ലാൻഡിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജൂലൈ 28 ന് ഇന്ത്യൻ തിയറ്ററുകളിൽ ചിത്രം റിലീസിന് എത്തും.
റോക്കി ഔർ റാണി കി പ്രേം കഹാനി (Rocky Aur Rani Ki Prem Kahani)
രൺവീർ സിങ് – ആലിയ ഭട്ട് എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം ആണ് ‘റോക്കി ഔർ റാണി കി പ്രേം കഹാനി’. പ്രഗത്ഭനായ പഞ്ചാബിക്കാരൻ റോക്കിയും ബുദ്ധിമതിയായ ബംഗാളി പത്രപ്രവർത്തക റാണിയും ഭിന്നതകൾക്കിടയിലും പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹത്തിന് മുമ്പ് മൂന്ന് മാസം കുടുംബത്തോടൊപ്പം ജീവിക്കാൻ അവർ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന കഥയാണ് ‘റോക്കി ഔർ റാണി കി പ്രേം കഹാനി’. കരൺ ജോഹറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധർമേന്ദ്ര, അഞ്ജലി ആനന്ദ്, പ്രിറ്റി സിന്ററ, അനന്യ പാണ്ഡെയ്, ശബാന ആസ്മി, ജയാ ബച്ചൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രം പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. റൊമാന്റിക് – ഫാമിലി ജോണറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസ്, വിയകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്നാണ്.
കുറുക്കൻ (Kurukkan)
വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന മലയാളം കോമഡി ത്രില്ലറാണ് കുറുക്കൻ. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ആയി എത്തുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കൻ നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ 27 ന് തിയറ്ററുകളിൽ എത്തും.
വോയിസ് ഓഫ് സത്യനാഥൻ
മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം തിയറ്ററിലെത്തുന്ന ദിലീപ് ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. നർമ്മത്തിൽ പൊതിഞ്ഞെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനായ റാഫിയാണ്. ദിലീപിനൊപ്പം ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷാ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂലൈ 28 ന് ആണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിൽ എത്തുന്നത്.