മലയാള സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും ഫിലിം ചേംബർ. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും സെക്കൻഡ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതേ തുടർന്ന് നാളെ മുതല്‍ തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റി വെച്ചതായി ഫിലിം ചേംബർ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് റിലീസുകൾ നീട്ടിവയ്‌ക്കാൻ തീരുമാനിച്ചത്. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് ആശ്വാസകരമായിരുന്നെങ്കിലും, സിനിമ മേഖല പഴയ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് ഫിലിം ചേംബർ കത്തിൽ പറയുന്നു. അത് കൊണ്ട് തന്നെ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നാണ് ഫിലിം ചേംബറിന്റെ ആവിശ്യം.
തിയറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കൻഡ് ഷോയില്‍ നിന്നായതു കൊണ്ട് തിയറ്ററിൽ സെക്കന്റ് ഷോ അനുവദിക്കണമെന്ന് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിനോദ നികുതി ഇളവ് തുടർന്നും നൽകുകയും സെക്കൻഡ് ഷോ അനുവദിക്കുകയും ചെയ്താൽ റിലീസുകൾ സാധാരണ നിലയിൽ ആക്കാമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
ഇതേ തുടർന്ന് മാർച്ച് നാലിന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ റിലീസ് മറ്റു വെക്കാനാണ് സാധ്യത എന്നാണ് സൂചന.