സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് അയച്ചു. തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്നും, തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും സംഘടന കത്തിൽ ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.
തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലായിരുന്നു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു.