ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘എങ്കിലും ചന്ദ്രികേ’ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, അഭിരാം രാധാകൃഷ്ണൻ, തൻവി റാം, നിരഞ്ജന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഫെബ്രുവരി 17 ന് ആണ് തീയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ‘എങ്കിലും ചന്ദ്രികേ’ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ ഒന്നു മുതൽ മനോരമ മാക്സിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
സ്റ്റോൺ പേപ്പർ സിസ്സർ, ആവറേജ് അമ്പിളി, എന്നീ വെബ് സീരിസുകൾ സംവിധാനം ചെയ്തതിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറിന്റെ ആദ്യ സിനിമയാണ് ‘എങ്കിലും ചന്ദ്രികേ’. വടക്കൻ കേരളത്തിലെ കൂമൻ തൊണ്ട എന്ന ഒരിടത്തരം ഗ്രാമത്തിൽ നടക്കുന്ന ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ആദിത്യനും അർജുൻ നാരായണനും ചേർന്ന് എഴുതിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആൻ അഗസ്റ്റിനും വിവേക് തോമസുമാണ്. ‘ജൂൺ’ ഫെയിം ഇഫ്തിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഛായഗ്രഹണം: ജിതിൻ സ്റ്റാനിസ്ലാസ്, എഡിറ്റിംഗ്: ലിജോ പോൾ