‘മാളികപ്പുറം’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ബാലതാരമാണ് ദേവനന്ദ. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറർ ഫാന്‍റസിയാണ്.
ദേവനന്ദക്കൊപ്പം മറ്റ് നിരവധി കുട്ടികളും അണിനിരക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. സംവിധായകൻ ബി ഉണ്ണികൃഷ്ണനോടൊപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച മനു രാധാകൃഷ്ണന്റെ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം ആണ് ‘ഗു’. മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്നക്കും കൂട്ടുകാർക്കും നേരിടേണ്ടി വരുന്ന അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ അനുഭവങ്ങളാണ് സിനിമ പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 19 ന് പട്ടാമ്പിയിൽ ആരംഭിക്കും. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ് വിനയൻ എം ജെ.
