ബോളിവുഡ് രംഗത്തെ പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി. 1976ൽ മൃഗയ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ മിഥുൻ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ്. ഇന്ന് രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന മിഥുൻ ചക്രവർത്തിയെ കുറിച്ച് പ്രാന്തൻ വായിച്ചൊരു പോസ്റ്റ് ആണ് ഈ കുറിപ്പിനാധാരം

”നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം നാട് വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ കൈവെക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ നഗരത്തിൽ, ബോംബെയിൽ അയാളും ഒരു ഭാഗമായി മാറി.
അരോഗദൃഢഗാത്രനും, ഭഗവാൻ കൃഷ്ണൻറെ നിറവുമുള്ള അയാൾ ബോളിവുഡിന്റെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി.
“നിങ്ങൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല” എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷെ മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിക്കൊപ്പം അഭിനയത്തിനുള്ള അവസരകത്തിനുള്ള ശ്രമവും തുടർന്നു. ഒരു കൂട്ടുകാരൻ അദ്ദേഹത്തെ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അവിടെ അയാളെ ശ്രദ്ധിച്ചു. തന്റെ ‘#മൃഗയ’ എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ ആ ചെറുപ്പക്കാരൻ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു.
തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞ ഒരു നാഷണൽ അവാർഡ് വിന്നറെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ..? അങ്ങിനൊരു സമയത്തിൽ കൂടി ആണ് അയാൾ കടന്നു പോയത്.

ചെറിയ റോളുകളിൽ ആ ചെറുപ്പക്കാരൻ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന ‘സുരക്ഷ’ അയാളെ താരമാക്കി വളർത്തി.
തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി.
ഡിസ്കോയ്ക്കു പ്രാമുഖ്യമുള്ള ഡിസ്കോ ഡാൻസർ എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കോടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ് കളക്റ്റ് ചെയ്ത ചിത്രമായി.
ഈ ചിത്രം അദ്ദേഹത്തെ യൂണിവേഴ്‌സൽ സൂപ്പർസ്റ്റാർ ആക്കി മാറ്റി. സോവിയറ്റ് യുവത്വം ജിമ്മി ജിമ്മി എന്ന ഗാനവും, അയാം എ ഡിസ്കോ ഡാൻസർ എന്ന ഗാനവും മൂളി നടന്നു, അതിനൊപ്പം ചുവട് വച്ചു. ഇന്നും റഷ്യയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള ഹിന്ദി നടൻ ആണ് അദ്ദേഹം. ( ഈ വർഷം മിഥുൻ ചക്രവർത്തിയോടുള്ള ആദര സൂചകമായി ഇന്ത്യൻ നേവിയുടെ ബാൻഡ് റഷ്യയിൽ ഈ അടുത്തിടെ ജിമ്മി ജിമ്മി എന്ന ഗാനം ബാന്റിൽ വായിച്ചപ്പോൾ ജനം ഇളകി മറിഞ്ഞത് ഇന്നും അദ്ദേഹത്തിന് അവിടുള്ള ഫാൻ ബേസിന് തെളിവാണ്.)

അങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത ഒരാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരൻ മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ ‘പാരലൽ ബോളിവുഡ്’ ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ. ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ.
ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവബഹുലമായ ജീവിതവുമായി അയാൾ തന്റെ യാത്ര തുടരുകയാണ്.
ജീവിതം ഒറ്റയ്ക്ക് തന്നെ ആ അരോഗദൃഢഗാത്രൻറെ പ്രായം സപ്തതി കടന്നു മുന്നോട്ടു സഞ്ചരിക്കുന്നു ,ഭാരതത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തോടെ..
ഇൻഡ്യൻ സിനിമയയുടെ സ്വന്തം ചക്രവർത്തിക്കു ആശംസകൾ”
post credit- Jithuraj M S