എൻ. എൽ. ബാലകൃഷ്ണൻ.. ആ പേര് ചിലപ്പോൾ പലർക്കും തിരിച്ചറിയാൻ ബിദ്ധിമുട്ടുണ്ടാവും. പക്ഷെ പട്ടണപ്രവേശത്തിലെ പക്ഷി നിരീക്ഷകൻ ഐസക് നെ അറിയാത്ത മലയാളികൾ ചുരുക്കമാവും. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത നടന്മാരിൽ മുൻപന്തിയിൽ ഉണ്ടാവും എൻ. എൽ. ബാലകൃഷ്ണൻ. രൂപം ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.. തന്റെ ആകാരത്തിനിണങ്ങിയ കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച് ഫലിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയത്തിൽ വല്ലാത്തൊരു നിഷ്കളങ്കത ഉണ്ടായിരുന്നു.
എന്നാൽ അഭിനേതാവുന്നതിനൊക്കെ മുന്നേ സിനിമയിലേക്ക് സ്റ്റിൽ ഫോട്ടോഗ്രാഫർ ആയാണ് എൻ. എൽ. ബാലകൃഷ്ണൻ എത്തുന്നത്. മാത്രമല്ല മലയാളത്തിന്റെ ക്ലാസിക് സംവിധായകൻ അരവിന്ദന്റെ ഇഷ്ട ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം
1943 മെയ് 11നു തിരുവനന്തപുരത്ത് പൌഡിക്കോളത്ത് കെ നാരായണന്റേയും എ. ലക്ഷ്മിയുടേയും ഏകമകനായി എൻ. എൽ. ബാലകൃഷ്ണൻ ജനിക്കുന്നത്. ചിത്രകലയിൽ താല്പര്യമുള്ളതുകൊണ്ട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകല പഠിക്കാൻ ചേർന്നു. ആ കാലങ്ങളിലാണ് ഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നുന്നത്.ഫോട്ടോഗ്രാഫിയിൽ കഴിവു തെളിയിച്ച എൻ എൽ ബാലകൃഷ്ണൻ കേരളകൌമുദി ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായി. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വരവ്. ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചു. തുടർന്ന് സംവിധായകൻ അരവിന്ദനെ പരിചയപ്പെട്ടു. ഫോട്ടോഗ്രാഫിയിൽ ഉള്ള അയാളുടെ പ്രാവിണ്യം കണ്ട് അരവിന്ദൻ തന്റെ സിനിമകൾക്കൊപ്പം അയാളെ ചേർത്ത് നിർത്തി പിന്നീടങ്ങോട്ട് തന്റെ മിക്ക ചിത്രങ്ങൾക്കും സ്റ്റിൽ എൻ. എൽ. ബാലകൃഷ്ണൻ ആയിരുന്നു. അതെ സമയം വിഖ്യത സംവിധായകൻ ജോൺ അബ്രഹാമുമായും തീവ്ര സൗഹൃദമുണ്ടായിരുന്നു.
സംവിധായകൻ രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണൻ നടനാകുന്നത്. പക്ഷെ ആ ചിത്രം റിലീസ് ആയില്ല. പിന്നീട് പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ മോഹൻലാലിന്റെ അമ്മാവന്റെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ അപ്പാജി ഇപ്പഴും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. എന്നാൽ സത്യൻ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷിശാസ്ത്രജ്ഞനായിരുന്നു ബാലകൃഷ്ണനെ ജനപ്രിയമാക്കിയത്. പിന്നീട അങ്ങോട്ട് തമാശയുടെ മേമ്പൊടിയുള്ള നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.. മൂക്കില്ലാരാജ്യത്ത്, ഉത്സവ മേളം, ഡോക്ടർ പശുപതി, മാനത്തെ കൊട്ടാരം, വൃദ്ധന്മാരെ സൂക്ഷിക്കുക, ജോക്കർ, എന്നിങ്ങനെ നീളുന്നു ബാലകൃഷ്ണന്റെ സിനിമാ സഞ്ചാരം.
ഏറെ കാലം പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന എൻ എൽ ബാലകൃഷ്ണൻ 2014 ഡിസംബർ 25ന് രാത്രി മരണമടഞ്ഞു.