പലവിധത്തിലുള്ള ആളുകളുടെ ഒരു അങ്കം ആണ് ‘ആളങ്കം’ സിനിമ. പല മനുഷ്യരിലൂടെ കടന്നു പോകുന്ന വികാരവിക്ഷോഭങ്ങളുടെ ഒരു ആകെ തുക. പക്ഷേ സിനിമ വിരൽ ചൂണ്ടുന്നത് ജീവിക്കാൻ ഭയക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നിസ്സഹായാവസ്ഥയിലേക്കാണ്.. ആരെയും, ഒന്നിനെയും പേടിക്കാതെ ജീവിക്കാൻ പൊരുതുന്ന മനുഷ്യരിലേക്കാണ്..! പൊതുസമൂഹത്തിലും എന്തിന് സ്വന്തം വീടകങ്ങളിൽ പോലും സുരക്ഷിതരാകാൻ കഴിയാത്ത സ്ത്രീകൾ, കഷ്ടപ്പാടുകൾ തീർക്കുന്ന ജീവിത കെട്ടുപാടുകളിൽ പെട്ട് ഉഴലുന്ന സാധാരണ മനുഷ്യർ, ഇവരുടെ ഒക്കെ ജീവിതങ്ങളിലേക്ക് സ്വപ്നത്തിൽ പോലും കടന്ന് വരരുതേയെന്ന് ആഗ്രഹിക്കുന്ന മറ്റ് ചില നികൃഷ്ട മനുഷ്യ ജീവികളുടെ കടന്നു കയറ്റങ്ങൾ.. ‘ആളങ്കം’ നമുക്ക് കാണിച്ചു തരുന്നത് അങ്ങനെ കുറെ മനുഷ്യരെയും അവരുടെ ജീവിതത്തെയും ആണ്.
ഓരോ നിമിഷങ്ങളിലും സ്ത്രീ സുരക്ഷയല്ലെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം.. നമുക്ക് ചുറ്റും നമ്മൾ പോലും അറിയാതെ ഏത് നിമിഷത്തിൽ വേണമെങ്കിലും ഒരു ദുരന്തം പെയ്തിറങ്ങാമെന്ന ഓർമ്മപ്പെടുത്തൽ.. ‘ആളങ്കം’ അക്ഷമയോടെ കണ്ടിരിക്കേണ്ടി വരുന്നത് അതിന്റെ അവതരണരീതി കൊണ്ട് തന്നെയാണ്. നമ്മുടെ കണ്മുന്നിൽ മിന്നി മറയുന്ന മനുഷ്യരുടെ ദയനീയവും നിസ്സഹായവുമായ, ക്രൂരവും നികൃഷ്ടവുമായ നോട്ടങ്ങളിൽ നമ്മൾ കുരുങ്ങി കിടക്കുന്നത് ആണ് ആ സിനിമയുടെ വിജയവും.
പ്രകടനങ്ങൾ കൊണ്ട് മികച്ച് നിൽക്കുന്നതാണ് സിനിമയുടെ വലിയ പ്രത്യേകത. ലുക്മാൻ, ഗോകുലൻ, ജാഫർ ഇടുക്കി, സുധി കോപ്പ, ശരണ്യ, ദീപക് പറമ്പോൾ, സിനോജ് വർഗീസ്, മാസ്റ്റർ ആദിഷ് പ്രവീൺ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങി ഓരോ താരങ്ങളും അഭിനയത്തിന്റെ പരിചയ സമ്പന്നത ആവോളം ഉപയോഗിച്ചത് തന്നെയാണ് സിനിമയുടെ വലിയ മികവുകളിൽ ഒന്ന്. ദൃശ്യഭംഗി കൊണ്ടും മേക്കിങ് കൊണ്ടും ‘ആളങ്കം’ മികവ് പുലർത്തുന്നു. പശ്ചാത്തല സംഗീതം, സംഘട്ടനം എന്നിവയും ‘ആളങ്കത്തിന്’ അലങ്കാരമാവുന്നുണ്ട്. ഷാനി ഖാദർ, രചന – സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം മികച്ച ത്രില്ലിങ് അനുഭവമാണ് നൽകുന്നത്.
ഷാനി ഖാദർ, രചന – സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം മികച്ച ത്രില്ലിങ് അനുഭവമാണ് നൽകുന്നത്. സമീര്‍ ഹഖ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് കിരണ്‍ ജോസ്, എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് നിഷാദ് യൂസഫ്.