Cinemapranthan
null

‘വണ്ണിലൂടെ’ വർണ്ണമാകാൻ അക്ഷയ; അഭിനയത്തിൽ നിന്ന് ‘കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്ക്

‘കുർബാനി’യാണ് അക്ഷയ ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ചിത്രമെങ്കിലും ‘വൺ’ ആണ് ആദ്യം റിലീസാവുന്നത്

null

‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അക്ഷയ പ്രേംനാഥ്. നസ്രിയയുടെ കൂട്ടുകാരിയായി എത്തി അവസാനം യാർഡ്‌ലിയെ കല്യാണം കഴിച്ച ‘നീതു’ എന്ന കഥാപാത്രത്തെ പ്രേക്ഷകർ എന്തായാലും മറന്നു കാണില്ല. അക്ഷയയെ പിന്നീട് ഒരു സിനിമയിലും കണ്ടില്ലെങ്കിലും മലയാള സിനിമ രംഗത്ത് അക്ഷയ ഉണ്ട്. ഒരു ‘കോസ്റ്റ്യൂം ഡിസൈനറുടെ’ വേഷത്തിൽ.

അഭിനേത്രി എന്നതിനപ്പുറം ഒരു ‘കോസ്റ്റ്യൂം ഡിസൈനർ’ കൂടിയാണ് അക്ഷയ പ്രേംനാഥ് എന്നത് അത്രയധികം പേർക്കൊന്നും അറിയില്ലായിരിക്കാം. എന്നാൽ മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ അക്ഷയ പ്രേംനാഥ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തു. മമ്മൂട്ടി ചിത്രം ‘വൺ’ ആണ് ‘കോസ്റ്റ്യൂം ഡിസൈനർ’ ആയി പ്രവർത്തിച്ച് റിലീസ് ആയ ആദ്യ ചിത്രം. ഷെയിൻ നിഗം നായകനായി എത്തുന്ന ‘കുർബാനി’യാണ് അക്ഷയ ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ചിത്രമെങ്കിലും ‘വൺ’ ആണ് ആദ്യം റിലീസാവുന്നത്. ‘വൺ’ റിലീസാകുമ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അക്ഷയ സന്തോഷത്തിലാണ്.

‘വൺ’ ഒരു നല്ല അനുഭവം തന്നെയാണ് സമ്മാനിച്ചതെന്നു അക്ഷയ പറയുന്നു. ഒരു വലിയ താര നിര അണിനിരന്ന ചിത്രത്തിൽ കോസ്റ്റ്യൂം ചെയ്യുന്നത് അൽപ്പം ശ്രമകരമായിരുന്നെങ്കിൽ കൂടി വളരെ രസകരമായിട്ടായിരുന്നു താൻ ആ ജോലി ചെയ്തതെന്ന് അക്ഷയ പറയുന്നു. വസ്ത്രം ഡിസൈൻ ചെയ്യുക മാത്രമല്ല, അതിനു വേണ്ട ആക്‌സസറീസുകൾ വരെ ശ്രദ്ധിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വേണ്ടി നല്ല റിസർച്ച് തന്നെ വേണ്ടി വരുമെന്ന് അക്ഷയ പറയുന്നു.

കൂടാതെ മഞ്ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’, ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘ഹോം’, നിരവധി ചിത്രങ്ങൾക്ക് അക്ഷയ വസ്ത്രാലങ്കാരം നിർവ്വഹിച്ചു. പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ ആണ് അക്ഷയ ഒടുവിൽ ചെയ്ത ചിത്രം. മലയാളത്തിലിന് പുറമെ തമിഴിലും അക്ഷയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘മഹാ വീർ കർണ്ണ’ എന്ന ചിത്രത്തിന്റെ ടീസറിന് വേണ്ടി നടൻ വിക്രമിന് കോസ്റ്റ്യൂം ഡിസൈൻ ചെയ്തതും അക്ഷയയാണ്.

പഠിച്ചത് എൻജിനിയറിങ് ആയിരുന്നെങ്കിലും അക്ഷയക്ക് പാഷൻ ‘ഫാഷൻ ഡിസൈനിങ്’ ആയിരുന്നു. എൻജിനിയറിങ്ങിന് പഠിക്കുമ്പോഴാണ് ‘ഓം ശാന്തി ഓശാനയിൽ’ അഭിനയിക്കുന്നത്. പഠനത്തിന് ശേഷം ഓൾ ഇന്ത്യ തലത്തിൽ പരീക്ഷ എഴുതി, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അഡ്മിഷൻ നേടുകയായിരുന്നു.

ചെന്നൈയിലെ പഠനത്തിന് ശേഷം സിനിമാ മേഖലയിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. എന്നാൽ കോസ്റ്റ്യൂം ഡിസൈനിൽ മാത്രം ഒതുങ്ങി നില്ക്കാൻ അക്ഷയ ആഗ്രഹിക്കുന്നില്ല. അഭിനയവും, മോഡലിംഗും ഇഷ്ട മേഖലയാണ്. സിനിമയിൽ നല്ലൊരു വേഷം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അക്ഷയ..

cp-webdesk

null
null