‘ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെയില്ലാത്ത പേരാണ് മകൾക്ക് നൽകിയതെന്ന്’ നടി അസിൻ തോട്ടുങ്കൽ.
മകൾ അറിന്റെ പിറന്നാൾ ചിത്രങ്ങൾ പങ്ക് വെച്ചു കൊണ്ടാണ് അസിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
“അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും എന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്”, അസിൻ കുറിച്ചു. മകൾക്ക് പിറന്നാളാശംസകൾ നേർന്ന അവൾക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അസിൻ കുറിച്ചു. മകളുടെ മൂന്നാം പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അസിൻ പങ്ക് വെച്ചിരിക്കുന്നത്.
പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിയിൽ വിവാഹിതയായ അസിൻ വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എങ്കിലും സോഷ്യൽ മീഡിയ വഴി ജീവിതത്തിലെ വിശേഷങ്ങൾ അസിൻ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
2001 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിലൂടെയാണ് അസിൻ മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിൽ നിന്നും അസിൻ തെലുങ്കിലേക്ക് പോയ അസിൻ ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. തുടർന്ന് തെലുങ്കിൽ നിന്നും തമിഴിലേക്കും പിന്നീട് ബോളിവുഡിലേക്കും അസിൻ ചേക്കേറുകയായിരുന്നു. ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു അസിന്റെ ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അസിന് ലഭിച്ചു.
‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തതായിരുന്നു അസിന്റെ ആദ്യ ഹിന്ദി ചിത്രം. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടൻ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.