സിനിമയിൽ അഭിനയിക്കുമ്പോൾ പലപ്പോഴും പ്രതിഫലം കിട്ടാറില്ല എന്ന് നടി അഞ്ജലി നായർ. കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചതിന് ദിവസം 3000 രൂപ വീതമാണ് കിട്ടിയത് എന്നും അഞ്ജലി പറയുന്നു. ഫ്ലാഷ് മൂവീസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
”കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം എനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ഞാനാരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം അത്. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെയടങ്ങുന്ന കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്കറിയില്ല. എന്റെ കടങ്ങളും പ്രശ്‌നങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല. എന്നെ അറിയുന്നവര്‍ക്ക് അതറിയാം. അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്.” അഞ്ജലി പറഞ്ഞു.
ഒരുവിധം എല്ലാ സിനിമയിലുമുള്ളത് കൊണ്ട് തന്നെ അഞ്ജലിയെ അച്ചാർ എന്നാണ് വിളിക്കുന്നത്, എന്നാല്‍ അങ്ങനെ എല്ലാ സിനിമയിലും താന്‍ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഞ്ജലി പറഞ്ഞു.
നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്ന വളരെ സാധാരണക്കാരിയാണ് താൻ എന്നും. തന്റെ ബുദ്ധിമുട്ട് ഞാന്‍ തുറന്നു പറയാതിരിക്കുന്നത് കൊണ്ട് എന്തുകാര്യം എന്നും അഞ്ജലി ചോദിക്കുന്നു. മകളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങള്‍ക്കായി പണയം വച്ചിട്ട് പണയമെടുക്കാന്‍ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്. അക്കാര്യങ്ങളും പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാതെ എന്റെ കാര്‍ സി.സി പിടുത്തക്കാര്‍ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങള്‍ക്കുവേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്കു വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാന്‍. അഞ്ജലി പറയുന്നു.
സംവിധായകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തില്‍ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാന്‍ പോയി ചെയ്യുന്നു. അത്രേയുള്ളൂ. നമ്മള്‍ ചെയ്തില്ലെങ്കില്‍ ആ വേഷം ചെയ്യാന്‍ വേറെയാളുണ്ട്. ആ ഒരുമാസം കഴിഞ്ഞ് പോകാന്‍, വിശപ്പിന്റെ വിളിവരുമ്പോള്‍ നമ്മള്‍ എന്തും ചെയ്യും അഞ്ജലി പറയുന്നു.