ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി നടി അമല പോൾ. ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രമാണ് തന്റെ അനുമതിയില്ലാതെ ഭവ്നിന്ദര്‍ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചതെന്ന് അമല പറഞ്ഞു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര്‍ സിംഗ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഈ ചിത്രങ്ങളാണ് തെറ്റിദ്ധരിക്കപ്പെടുകയും ചർച്ചയായതും. അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വാർത്ത നിഷേധിക്കാനോ അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല. പങ്കുവച്ച് അല്‍പസമയത്തിനകം തന്നെ ഭവ്നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തിരിക്കുകയാണ് അമല. ഭവ്നിന്ദര്‍ സിങ്ങിനെതിരെ നൽകിയ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.
ആടൈ സിനിമയുടെ പ്രമോഷൻ സമയത്ത് താൻ പ്രണയത്തിലാണെന്ന് അമല പോൾ വെളിപ്പെടുത്തിയിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍.
“ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്.” ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അമല പറഞ്ഞിരുന്നു.
“യഥാര്‍ത്ഥ സ്‌നേഹം എന്റെ മുറിവുണക്കാന്‍ സഹായിച്ചു. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്‌നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു.” അമല വെളിപ്പെടുത്തി.