സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളില്‍ എന്നും മുന്നിൽ നിൽക്കുന്ന നടനാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ.
മലയാളിത്തമുള്ള നാട്ടിൻപുറത്തുകാരൻ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യനായ നടൻ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമ്മദിനമായിരുന്നു. 18 വർഷമായി അദ്ദേഹം ഇഹലോക വാസം വെടിഞ്ഞിട്ടെങ്കിലും ഇന്നും ഒടുവില്‍ ഉണ്ണികൃഷ്‍ണന്റെ കഥാപാത്രങ്ങളിലൂടെ നമ്മുടെ ഉള്ളിലുണ്ട്.
സംസ്ഥാന അവാർഡ് നേടിയ നിഴൽകൂത്ത് സിനിമയിലെ കാളിയപ്പൻ, ദേവാസുരത്തിലെ പെരിങ്ങോടൻ, തൂവൽകൊട്ടാരത്തിലെ മാരാർ. മഴവില്‍ കാവടിയിലെ കുഞ്ഞാപ്പു, പൊന്മുട്ടയിടുന്ന താറാവിലെ കഥാപാത്രം, വരവേല്‍പ്പിലെ നാരായണന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അപ്പുണ്ണി നായര്‍, ഒരു ചെറുപുഞ്ചിരിയിലെ കുറുപ്പ് അങ്ങനെ അങ്ങനെ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. പ്രന്തന്റെ അഭിപ്രായത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരു വിസ്മയമാണ്. മലയാളിയെ അഭിനയിപ്പിച്ചു വിസ്മയിപ്പിച്ച നടന്‍.
13 ഫെബ്രുവരി 1944 ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്താണ് ഒടുവിൽ ജനിച്ചത്. ചെറുപ്പ കാലം തൊട്ടെ സംഗീതത്തിൽ തല്പരനായിരുന്നും ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലെ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവപണിക്കർ ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. സംഗീതത്തിലെ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ചില സംഗിത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടകവേദിയായ കെ.പി.എ.സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ചു. ഇവിടെ പ്രധാനമായും തബലിസ്റ്റ് ആയിട്ടാണ് അദേഹം ജോലി ചെയ്തത്.
1970 ലെ ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, അടൂര്‍, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കലും മലയാളി മറക്കാത്ത ഒരു പിടി കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. .
1995,1996 വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിര്‍വഹിച്ച കഥാപുരുഷൻ ചിത്രത്തിനും, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരത്തിനും ലഭിച്ചു. 2002 ല്‍ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടൻ ഉള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
വൃക്കയുടെ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വൃക്കസംബന്ധമായ തകരാറുകൾ കൊണ്ട് തന്നെ അദ്ദേഹം 2006 മെയ് 26 ന് അന്തരിച്ചു.