1941 ഒക്ടോബർ എട്ടിന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്നറിയപ്പെട്ടിരുന്ന എം.എസ്.തൃപ്പൂണിത്തുറ ജനിക്കുന്നത്. ഗണിതാധ്യപകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ജ്യോതിഷപണ്ഡിതൻ, പാചക വിദഗ്ധൻ എന്നീ നിലകളിലും എം എസ് പ്രശസ്തനായിരുന്നു ജോലിയോടൊപ്പം തന്നെ അഭിനയത്തിലും താത്പര്യമുള്ളയാളായിരുന്നു അദ്ദേഹം. അമച്വർ, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിരുന്ന എം.എസ്. നാടകാഭിനയം തുടർന്നതോടെ അധ്യാപക ജോലിയിൽ നിന്ന് രാജിവച്ചു.

ധാരാളം വേദികളിൽ അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോചനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ അംഗീകാരം എം എസിന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തു.

1963 ൽ കടലമ്മ എന്ന സിനിമയിലൂടെയാണ് എം എസ് തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് 300 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരിടത്ത്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുന്തച്ചൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എം എസ് തൃപ്പൂണിത്തറയുടെ ശബ്ദവും,സംഭാഷണ രീതിയും സിനിമാപ്രേക്ഷകർക്ക് പ്രിയമായിരുന്നു. മലയാള മിമിക്രി രംഗത്ത് ഇദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കാത്ത കലാകാരൻമാർ വളരെ ചുരുക്കമാവും. ബഹുമുഖ പ്രതിഭയായിരുന്ന ആ കലാകാരന്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം