വർഷങ്ങൾക്കിപ്പുറം ഓസ്കാർ വേദിയിൽ വീണ്ടും ഒരു ഇന്ത്യൻ ഗാനം തത്സമയം വരുന്നു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനമാണ് ഓസ്കാർ നോമിനേഷനിൽ ഇടം പിടിച്ച ഇന്ത്യൻ ഗാനം. ഓസ്കാർ വേദിയിൽ ഗാനം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്കാർ അക്കാദമി. ചിത്രത്തിന്റെ സംഗീത സംവിധായകനായ എം കീരവാണി ഗാനം വേദിയിൽ ആലപിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.
മാർച്ച് 12 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ച് നടക്കുന്ന ഓസ്കാർ ചടങ്ങിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയിൽ ഗാനം ആലപിക്കും. രാം ചരണും ജൂനിയർ എൻടിആറും വേദിയിൽ ‘ആർ ആർ ആറിലെ’ മാസ്റ്റർപീസ് നൃത്തചുവട് അവതരിപ്പിക്കുമെന്നാണ് വിവരം.
യൂട്യൂബിൽ 122 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിന് ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ പോരാട്ടത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആർആര്‍ആറിലൂടെ അവതരിപ്പിച്ചിരുന്നത്.
ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും, ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ‘ദ് എലിഫന്റ് വിസ്പെറേഴ്സ്’ എന്ന ഡോക്യുമെന്ററിയും ഇടം നേടി.