ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന് സ്വീകരിച്ച ചിത്രമാണ് ‘ദസറ’. നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. ശ്രീകാന്ത് ഒഥെല രചന സംവിധാനം നിർവ്വഹിച്ച ചിത്രം ആദ്യ ദിനം തന്നെ ആഗോള തലത്തിൽ നേടിയത് 38 കോടിക്കുമേൽ കളക്ഷനാണ്. ഇതോടെ രാജ്യത്ത് ഈ വർഷം ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടുന്ന തെന്നിന്ത്യൻ സിനിമയാവുകയാണ് ‘ദസറ’. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നാനി ചിത്രമാണ് ദസറ. ‘ഹിറ്റ്’ എന്ന സിനിമയ്ക്ക് ശേഷം നാനി പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് ദസറ. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നാനിയും, കീർത്തി സുരേഷുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം യുഎസ്എയിൽ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 10 ലക്ഷം ഡോളറാണ് നേടിയത്. ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, സറീന വഹാബ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. സായ് കുമാറും ചിത്രത്തിൽ വേഷമിടുന്നു. കൈതി, മാസ്റ്റർ, തീരൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സത്യൻ സൂര്യൻ ആണ് ദസറയുടെ ഛായാഗ്രാഹകൻ. ശ്രീകാന്ത് ഒഥെലയുടെ മേക്കിങ്ങും അനിരുദ്ധിന്റെ സംഗീതവും തീർക്കുന്ന മാജിക് തിയേറ്ററുകളിൽ മറ്റൊരു പാൻ ഇന്ത്യൻ ഹിറ്റ് അടിക്കാൻ സാധ്യതകൾ ഉള്ള സാധ്യതകളാണ് നൽകുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.