വിജയ് ആന്റണി നായകനായി എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ‘പിച്ചൈക്കാരൻ’. 2016 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയും ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തെത്തിയപ്പോഴും മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏഴ് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ‘പിച്ചൈക്കാരൻ’ രണ്ടാം ഭാഗമെത്തുകയാണ്. വീണ്ടും വിജയം ആവർത്തിക്കാൻ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകന് നൽകുന്നത്. ഒരു മികച്ച അനുഭവമായിരിക്കും ചിത്രം നൽകുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. വിജയ് ആന്റണി തന്നെയാണ് ‘പിച്ചൈക്കാരൻ 2’ സംവിധാനം ചെയ്തിരിക്കുന്നത്.
‘പിച്ചൈക്കാരൻ’ ആദ്യ ഭാഗം രചന – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗുരുമൂര്‍ത്തി ആയിരുന്നു. എന്നാൽ രണ്ടാം ഭാഗം പ്രഖ്യാപിക്കുമ്പോൾ ദേശീയ പുരസ്കാരം നേടിയ സംവിധായിക പ്രിയ കൃഷ്‍ണസ്വാമി ആയിരിക്കും സംവിധാനമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അവര്‍ പിന്മാറുകയും ‘കോടിയില്‍ ഒരുവന്‍’ സംവിധായകന്‍ അനന്ദകൃഷ്‍ണന്‍ പകരം എത്തുകയും ചെയ്‍തു. എന്നാൽ പിന്നീട് അനന്ദകൃഷ്‍ണന്‍ മാറുകയും വിജയ് ആന്റണി തന്നെ സംവിധായകനാവുകയും ചെയ്യുകയായിരുന്നു. വിജയ് ആന്റണി ആദ്യമായി രചന – സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘പിച്ചൈക്കാരൻ 2’. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് എന്നിവർ മറ്റ് അഭിനേതാക്കളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്.
വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. ‘ബിച്ചഗഡു 2’ എന്നാണ് തെലുങ്കിലെ പേര്. ‘പിച്ചൈക്കാരൻ 1’ തെലുങ്കിൽ ‘ബിച്ചഗഡു’ എന്ന പേരിലായിരുന്നു എത്തിയത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.