തമിഴിൽ ഏറെ ശ്രദ്ധയും പ്രേക്ഷക പ്രശംസയും നേടിയ ‘അരുവി’ ഹിന്ദിയിൽ റീമേക്കിന് ഒരുങ്ങുന്നു. അദിതി ബാലൻ നായികയായി എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഫാത്തിമ സന ഷെയ്ഖ് ആണ് പകരമെത്തുക. തമിഴിൽ വൻ ഹിറ്റായ ‘അരുവി’ സംവിധാനം ചെയ്തത് അരുണ്‍ പ്രഭുവായിരുന്നു.
ഇ നിവാസ് ആണ് ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ കഥയിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല. 2021 പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുക. ഹിന്ദി സിനിമയിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായില്ല. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സങ്കീർണമായ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയത്തെ ആഴത്തിൽ തൊടുന്നുണ്ട്. അദിതിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കരുത്ത്. അരുണ്‍ പ്രഭു ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.