കിംഗ് ഖാന്റെ ആഡംബര ഫ്ലാറ്റിൽ ഒരു ദിവസം താമസിക്കാൻ തയ്യാറാണോ നിങ്ങൾ? എങ്കിലിതാ സാക്ഷാൽ ഷാരൂഖ് ഖാൻ നിങ്ങളെ ക്ഷണിക്കുന്നു. ഷാരൂഖ് ഖാന്റെ ഡൽഹിയിലെ ആഡംബര വസതിയിലാണ് ആരാധകർക്കു ഒരു ദിവസം താമസിക്കാൻ ഉള്ള അവസരമൊരുങ്ങുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഷാരൂഖ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ ഡൽഹിയിലെ വീട് ഗൗരി ഖാൻ റീഡിസൈൻ ചെയ്യുകയും നൊസ്റ്റാൾജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കുന്നത്.” ഷാരൂഖ് ഖാൻ ഇൻസ്റ്റയിൽ കുറിച്ചു.

‘Open Arm Welcome’ എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. Open Arm Welcome- ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം എന്ന വിഷയത്തെ കുറിച്ചാണ് മത്സരാർത്ഥികൾ എഴുതുണ്ടേത്. നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കാം. മത്സരത്തിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് പ്രിയപ്പെട്ട ഒരാൾക്ക് ഒപ്പം ഒരുദിനം കിങ്ങ് ഖാന്റെ ഈ ആഢംബര ബംഗ്ലാവിൽ ചിലവഴിക്കാം. ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ആഢംഭര പൂർണമായ ഡിന്നറും വിജയിയ്ക്ക് വേണ്ടി ഒരുക്കിയിരിക്കും. ഒപ്പം ഷാരൂഖിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളും കണ്ടാസ്വദിക്കാം.

വീടിന്റെ ചിത്രങ്ങളും ഷാരൂഖ് ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട്. ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. “ഞങ്ങളുടെ ആദ്യകാലത്തെ നിരവധി ഓർമകൾ ഇവിടെയുണ്ട്, ഡൽഹി നഗരത്തിന് ഞങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്,” ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഷാരൂഖ് കുറിക്കുന്നു. വെക്കേഷൻ റെന്റൽ ഓൺലൈന്‍ കമ്പനിയായ എയർബിഎൻബിയ്ക്ക് (Airbnb) ഒപ്പം ചേർന്നാണ് കിങ്ങ് ഖാൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
