Cinemapranthan

തിയറ്റർ റിലീസിന് ബോളിവുഡും; സൽമാൻ ഖാന്റെ ‘ ‘രാധെ’ ഈദിന്

സല്‍മാന്‍ ഖാന്‍ തന്നെയാണ് റിലീസ് ഉറപ്പിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്

null

മലയാളത്തിനും തമിഴിന് പുറമെ ബോളിവുഡും തിയറ്റർ റിലീസിന് തയ്യാറാവുന്നു. സൽമാൻ ഖാൻ നായകനായി എത്തുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ ആണ് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാൻ ആണ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡിൽ റിലീസിന് കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. സല്‍മാന്‍ ഖാന്‍ തന്നെയാണ് റിലീസ് ഉറപ്പിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

“തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ്”, സൽമാൻ ഖാൻ കുറിച്ചു. തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുകയും ചെയ്തു സൽമാൻ.

കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. ദിഷ പട്ടാണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രതിനായക വേഷത്തിൽ രണ്‍ദീപ് ഹൂദയാണ് എത്തുന്നത്. ജാക്കി ഷിറോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായ സിനിമ മേഖലയിൽ, 310 ദിവസങ്ങൾക്ക് ശേഷം വിജയ് നായകനായ “മാസ്റ്റർ” രാജ്യവ്യാപകമായി പ്രദർശിപ്പിച്ചു കൊണ്ടാണ് സിനിമ തിയറ്ററുകൾ പുനരാരംഭിച്ചത്. ‘മാസ്റ്റർ’നു ലഭിച്ച സ്വീകാര്യതയും പിന്തുണയും മലയാളം ഉൾപ്പടെയുള്ള സിനിമ മേഖലക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളത്തില്‍ ഇരുപതിലേറെ ചിത്രങ്ങളാണ് അടുത്ത രണ്ട് മാസങ്ങളിലേക്ക് തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്.

cp-webdesk

null