മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ ഇഷ്ട താരമായി മാറിയ ബോളിവുഡ് നടനാണ് രാജ്കുമാർ റാവു. വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞെടുപ്പാണ് രാജ്കുമാർ റാവുവിന്റെ പ്രത്യേകത. ഇപ്പോഴിതാ വ്യവസായി ശ്രീകാന്ത് ബൊള്ളയെ സ്ക്രീനിൽ അവതരിപ്പിക്കുകയാണ് രാജ്കുമാർ റാവു. ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ സിനിമയാകുന്നു എന്ന് നേരത്തെ വാർത്ത വന്നിരുന്നു. ‘ശ്രീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമിഴ് താരം ജ്യോതികയാണ് രാജ്കുമാറിനൊപ്പം പ്രധാനവേഷത്തിൽ എത്തുന്നത്. സെപ്റ്റംബര്‍ 15ന് റിലീസിനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തുഷാര്‍ ഹിരാനന്ദാനിയാണ്.
രാജ്കുമാർ റാവു ശ്രീകാന്ത് ബൊള്ളയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ്. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്നും അമേരിക്കയിലെത്തുകയും ലോകം അറിയപ്പടുന്ന വ്യവസായി ആയി മാറുകയും ചെയ്ത അന്ധനായ ചെറുപ്പക്കാരന്റെ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്.
അതെ സമയം രാജ്കുമാർ റാവുവിന്റേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രമാണ് ‘മോണിക്ക, ഒ മൈ ഡാര്‍ലിംഗ്’. ജിയോ ബേബി സംവിധാനം ചെയ്ത മലയാള ചിത്രം ‘കാതൽ’ ആണ് ജ്യോതികയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ.