പാൻ മസാല, വീഡിയോ ഗെയിമിംഗ് പോലുള്ള പരസ്യങ്ങൾക്ക് വേണ്ടി കോടികൾ വാങ്ങി അഭിനയിക്കുന്ന ബോളിവുഡ് താരങ്ങൾ നിരവധിയാണ്. ഇവർക്കെതിരെ പലപ്പോഴും ആരാധകരും രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ നടൻ അജയ് ദേവ്ഗണിനെതിരെ ഒറ്റയാൾ സമരം ചെയ്യുന്ന ഒരാളാണ് സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഇടം പിടിക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് പരസ്യത്തിൽ അഭിനയിച്ചതിന് മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് അജയ് ദേവ്ഗണിനെതിരെ ഒറ്റയാൾ സമരം നടക്കുന്നത്.
തിരക്കേറിയ ഒരു മാർക്കറ്റിന് നടുവിൽ ഉച്ചഭാഷിണിയും പ്ലക്കാർഡുകളും ഉപയോഗിച്ചാണ് ഇദ്ദേഹം സമരം നടത്തുന്നത്. ‘പണം കൂടുതൽ ആവശ്യമുണ്ടെങ്കിൽ താൻ ഭിക്ഷ യാചിച്ചു നൽകാമെന്നും, ഇത്തരം ഓൺലൈൻ ഗെയിമിംഗ്ൽ നിന്നും പിന്മാറണമെന്നും’ അദ്ദേഹം പ്ലക്കാർഡുകളിൽ എഴുതി വെച്ചാണ് സമരം. “ഞാന്‍ തെരുവില്‍ യാചിച്ച് പണം ഉണ്ടാക്കും, ആ പണം ഇത്തരം പരസ്യങ്ങള്‍ ഉപേക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കും.അദ്ദേഹത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ, ഞാൻ വീണ്ടും യാചിച്ച് തുക നല്‍കും. പക്ഷേ അത്തരം പരസ്യങ്ങൾ സ്വീകരിക്കരുത്. ഞാൻ ഇത് ഗാന്ധി മാര്‍ഗ്ഗത്തിലാണ് അഭ്യർത്ഥിക്കുന്നത്,” അയാൾ പറയുന്നു.
‘ഇത്രയധികം പണം സമ്പാദിച്ചിട്ടും താരങ്ങൾ ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നത് ദു:ഖകരമാണെന്നും. അതേസമയം ഓൺലൈൻ ഗെയിമിംഗിനെതിരെയും അതിന്റെ പരസ്യങ്ങൾക്കെതിരെയും താൻ പ്രതിഷേധിക്കുകയാണെന്നും’ അയാൾ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നുണ്ട്. അതെ സമയം സമരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ട് ഈ വിഷയത്തില്‍ അജയ് ദേവഗണിന് കത്തയക്കും എന്ന് മഹാരാഷ്ട്ര എംഎല്‍എ റെയിസ് ഷെയ്ക്ക് ട്വീറ്റും ചെയ്തിട്ടുണ്ട്.