ഏറെ പ്രതിക്ഷേധങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ‘പത്താൻ’ റിലീസിനൊരുങ്ങുമ്പോൾ ആവേശത്തിലാണ് ആരാധകരും. ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. പ്രതിക്ഷേധങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരുമ്പോഴും അതൊന്നും തന്നെ ചിത്രത്തെ ബാധിച്ചിട്ടില്ല എന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം കടക്കുമ്പോൾ തന്നെ കോടികളാണ് ‘പത്താൻ വാരിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ നടന്ന ബുക്കിങ്ങിൽ 1.70 കോടിയോളം രൂപ ‘പത്താൻ’ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജർമ്മനിയിലും വൻ കളക്ഷൻ ആണ് ചിത്രം പ്രീ ബുക്കിങ്ങിലൂടെ നേടിയത്. 50,000 യൂറോ ആണ് ‘പത്താൻ’ നേടിയത്. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ചിത്രം തകര്‍ത്തിരിക്കുന്നത്.
അതെ സമയം ഗുജറാത്തിൽ ‘പത്താൻ’ റിലീസിന് പോലീസ് സംരക്ഷണം നൽകുമെന്ന് തിയറ്റർ ഉടമകൾക്ക് ഉറപ്പ് നൽകിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സിനിമാ ഹാളുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനും ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‌വിക്കും ഗുജറാത്തിലെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ കത്തയച്ചിരുന്നു. ഗുജറാത്തിൽ സിനിമയുടെ പ്രദർശനം തടയുമെന്ന് വിഎച്ച്പി, ബജ്റംഗ് ദൾ ഉൾപ്പടെയുള്ള ഹിന്ദു സംഘടനകൾ പ്രസ്താവന നടത്തിയിരുന്നു. ഗുജറാത്തിലെ തിയേറ്ററുടമകളുടെ സംഘടനയുടെ സെക്രട്ടറി വന്ദൻ ഷായാണ് ഇക്കാര്യം അറിയിച്ചത്.
നാല് വർഷങ്ങൾക്ക് ശേഷം തിയറ്ററിൽ എത്തുന്ന ഷാരൂഖ് ചിത്രമാണ് ‘പത്താൻ’. ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അണിനിരക്കുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.