ശ്രീദേവിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി താൻ മാറിയെന്ന് സ്വയ വിശേഷിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. മാധവനും കങ്കണയും നായികാ നായകന്മാരായി എത്തിയ ‘തനു വെഡ്സ് മനു’ ചിത്രത്തിന്റെ പത്താം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വച്ചു കൊണ്ടുള്ള ട്വീറ്റ് ആണ് ഇപ്പോൾ ട്രോളുകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി.–കങ്കണ കുറിച്ചു.
ഇതിനു മുൻപും കങ്കണ സ്വയം പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിനോട് താരതമ്യം ചെയ്തു കൊണ്ട് ലോകത്തില്‍ തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്നും, ഉണ്ടെന്ന് തെളിയിച്ചാൽ അഹങ്കാരം നിർത്താമെന്നും കങ്കണ പറഞ്ഞിരുന്നു.
2011ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രമായ ‘തനു വെഡ്സ് മനു’ സൂപ്പർ ഹിറ്റായിരുന്നു. റൊമാന്‍റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആനന്ദ് എല്‍.റോയ് ആയിരുന്നു.