കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് തമിഴ് സിനിമാ സംവിധായകൻ വെട്രിമാരൻ. “അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം. അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്” വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു. കർഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്.
വെട്രിമാരന്റെ ഫേസ്ബുക്ക് കുറിപ്പ്
“അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം. സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നത് ജനങ്ങളാണ്. സർക്കാർ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കണം. കോർപ്പറേറ്റ് ഇടനിലക്കാരായി പ്രവർത്തിക്കരുത്. രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ് കർഷകർ ശ്രമിക്കുന്നത്. അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്.” വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു.
കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ ആയിരക്കണക്കിന് കർഷകർ ആണ് ഡൽഹിയുടെ അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. ഗ്രേറ്റ തൻബർഗ്, പോപ് ഗായിക റിഹാന അടക്കമുള്ളവർ പ്രതികരിച്ച കർഷക പ്രതിഷേധം ലോക ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു.
എന്നാൽ കർഷക സമരത്തെ പിന്തുണച്ച രാജ്യാന്തര താരങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിനെ പിന്തുണച്ചും ട്വീറ്റ് ചെയ്ത താരങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിക്ഷേധമാണ് ഉയരുന്നത്. അതെ സമയം ബോളിവുഡിൽ നിന്നും പഞ്ചാബി ഗായകൻ ദിൽജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കർ, സോനു സുദ്, സോനം കപൂർ, താപ്സി പന്നു, സിദ്ധാർഥ്, സോനാക്ഷി സിൻഹ, മലയാളി താരങ്ങളായ സലിംകുമാർ, ബാബു ആന്റണി, ഹരീഷ് പേരടി, ജൂഡ് ആന്റണി, തമിഴ് താരങ്ങളായ കാർത്തിക് തുടങ്ങി നിരവധി പ്രമുഖർ സമരത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.