Cinemapranthan

നിങ്ങള്‍ക്ക് വേണ്ടപ്പോഴാണ് അമ്മമാരാവേണ്ടത്, സമൂഹത്തിനു വേണ്ടപ്പോഴല്ല; സ്ത്രീകൾക്ക് തുറന്ന കത്തുമായി ഫറാഖാൻ

കൂടുതല്‍ സ്ത്രീകള്‍ ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ സന്തോഷം തോന്നുന്നു

null

അമ്മയാകേണ്ടത് സ്ത്രീക്ക് തോന്നുമ്പോഴായിരിക്കണമെന്ന് ഫറാ ഖാന്‍. സ്ത്രീകള്‍ക്ക് ഒരു തുറന്ന കത്തുമായി ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധയാകുന്നത്. തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നതെന്ന് 43ാം വയസില്‍ ഐവിഎഫിലൂടെ അമ്മയായ ഫറാ ഖാന്‍ പറയുന്നു. ഒപ്പം അമ്മയാകാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നല്ലൊരു മാതൃത്വവും ഫറാ ഖാൻ ആശംസിച്ചു.

കുറിപ്പ് വായിക്കാം

‘നമ്മുടെ തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നത്. ഞാന്‍ അമ്മയായത് 43ാം വയസില്‍ ഐവിഎഫിലൂടെയാണ്. അതില്‍ ഞാന്‍ സന്തോഷിക്കുന്നു, ഞാനൊരു മകളും ഭാര്യയും അമ്മയുമാണ്. ഒരു കൊറിയോഗ്രാഫറും ഫിലിം മേക്കറും പ്രൊഡ്യൂസറുമായപ്പോള്‍ എനിക്ക് നിരവധി തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നു. എല്ലാ സമയത്തും ഞാനാണ് ശരിയെന്ന് തോന്നിയിരുന്നു. കരിയറായാലും ജീവിതമായാലും, നമ്മള്‍ മറ്റുള്ളവരെന്ത് ചിന്തിക്കുമെന്ന് വിചാരിക്കും. നമ്മുടെ ജീവിതവും നമ്മുടെ ചിന്തകളുമാണെന്ന് നാം മറക്കും.

ഇന്ന് ഞാന്‍ മൂന്ന് മക്കളുടെ അമ്മയാണ്. എന്റെ തീരുമാനപ്രകാരം. ഞാന്‍ തയാറായപ്പോള്‍, സമൂഹം എപ്പോള്‍ ഞാന്‍ ഗര്‍ഭിണിയാകാന്‍ തയാറായെന്ന് തീരുമാനിച്ചപ്പോഴല്ല. സയന്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി. കൂടുതല്‍ സ്ത്രീകള്‍ ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ സന്തോഷം തോന്നുന്നു. മനുഷ്യരുടെ മനസുകള്‍ മാറുന്നുണ്ട്. അവര്‍ അവരുടെ സന്തോഷം തങ്ങളുടെ കൈയില്‍ തന്നെ കണ്ടെത്തുന്നുണ്ട്.

പ്രകൃതിപരമായോ അല്ലാതെയോ അമ്മമാര്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഞാന്‍ മികച്ചൊരു മാതൃത്വം ആശംസിക്കുന്നു. ഇതൊരു തുറന്നെഴുത്താണ്, എല്ലാ സ്ത്രീകള്‍ക്കുമായി… സ്ത്രീകളെ ഓര്‍പ്പിക്കാന്‍. ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു, നിങ്ങള്‍ക്ക് വേണ്ടപ്പോഴാണ് അമ്മമാരാവേണ്ടത്… നിങ്ങള്‍ എന്റെ കൂടെയില്ലേ സ്ത്രീകളെ?’

കൊറിയോഗ്രഫറായാണ് ബോളിവുഡിൽ ചുവട് വെച്ചതെങ്കിലും സംവിധാനവും ഫറാ ഖാൻ നിർവഹിച്ചിട്ടുണ്ട്. ‘മേം ഹൂം നാ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2007ല്‍ ‘ഓം ശാന്തി ഓം’ എന്ന സിനിമ സംവിധാനം ചെയ്തു.

cp-webdesk

null