Cinemapranthan

ലഹരി മരുന്ന് കേസ്: ദീപിക പദുക്കോൺ ഉൾപ്പടെ 4 പേരെ എൻ സി ബി വിളിപ്പിച്ചു

ലഹരി മരുന്ന് ആവശ്യപ്പെട്ടു ദീപിക നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു

null

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപിക ഉൾപ്പടെ 4 പേരെ എൻ സി ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിങ് എന്നിവരാണ് മറ്റ് മൂന്ന് പേർ. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ദീപികയുടെ ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോടു ലഹരി മരുന്ന് ആവശ്യപ്പെട്ടു 2017 ഒക്ടോബർ 28 ന് ദീപിക നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദീപികയും സംശയത്തിന്റെ നിഴലിലാവുന്നത്. ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിനെ പറ്റി പറയുന്നുണ്ട്. അന്ന് റസ്റ്ററന്റിൽ നടന്ന നിശാപാർട്ടിയിൽ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സോനാക്ഷി സിൻഹ, സിദ്ധാർഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് ജീവനക്കാരിയായ കരിഷ്മ പ്രകാശിനെയും കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പൊ കേസ് പുരോഗമിക്കുന്നത്. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കരിഷ്മ പ്രകാശിലേക്കും മറ്റു ബോളിവുഡ് താരങ്ങളിലേക്കും അന്വേക്ഷണം നീളുന്നത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടയിൽ റിയ ചക്രവർത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റ് പുറത്തു വരുകയും ലഹരി ഇടപാട് സൂചനകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് എൻസിബി അന്വേഷണം ആരംഭിച്ചത്.

cp-webdesk

null