Cinemapranthan

കണ്ണിൽ പച്ചമുളക് തേച്ച സംഭവം: കാഴ്ചയെ ബാധിച്ചു: രജിത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി രേഷ്മ രാജൻ

ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്

null

ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മറ്റൊരു ബിഗ് ബോസ് താരമായ രേഷ്മ രാജൻ. പരിപാടിക്കിടെ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ പച്ചമുളക് തേയ്ക്കുകയും തുടർന്ന് ഷോയിൽ നിന്ന് രജിത് കുമാർ പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ രജിത് കുമാറിനെ ‘അയ്യോ പാവം’ ലേബലിൽ ഒതുക്കി ചെയ്ത തെറ്റിനെ ന്യായീകരിക്കുകയും രേഷ്മയെ വില്ലത്തിയായും ചിത്രീകരിക്കുകയാണ് രജിത് കുമാർ ഫാൻസ്‌. തുടർന്ന് അടുത്ത എപ്പിസോഡിൽ രേഷ്മ പുറത്താവുകയും ചെയ്തു. രേഷ്മക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്. പുറത്തായിട്ടും, ഷോ അവസാനിച്ചിട്ടും രേഷ്മക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് കുറവുണ്ടായിട്ടില്ല. എന്നാൽ ഷോയ്ക്കിടയിലും അതിന് ശേഷവും രജിത് കുമാർ മാനസികമായും ശാരീരികമായും നടത്തിയ പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേഷ്മ.

“സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു. ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍ എന്ന ഇമേജ് ഉണ്ടാക്കല്‍ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഫേക്ക് അക്കൗണ്ടുകളിലൂടെയുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ ഇല്ല.” അഴിമുഖം.കോമിനോടാണ് രേഷ്മ ഇക്കാര്യങ്ങൾ വെളുപ്പെടുത്തിയത്.

“പുറത്തിറങ്ങിയാല്‍ എന്റെ കണ്ണില്‍ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയര്‍ത്തിയായിരുന്നു രജിത് ഫാന്‍സിന്റെ ആഹ്വാനങ്ങള്‍. മാനസികമായി വളരെയധികം പ്രശ്‌നത്തിലായിക്കൊണ്ടാണ് പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോള്‍ നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല.” രേഷ്മ പറയുന്നു.

2020 മാര്‍ച്ച് 9നാണ് രേഷ്മക്ക് നേരെ ആക്രമണമുണ്ടാകുന്നത്. അതിന് തൊട്ടടുത്ത ദിവസം രേഷ്മയുടെ സുഹൃത്തുക്കൾ തിരുവനന്തപുരം വനിതാ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഡിജിപി ഓഫീസിലേക്ക് മെയില്‍ വഴിയും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല എന്നും രേഷ്മ പറയുന്നു. ഷോയില്‍ നിന്ന് പുറത്തായ ശേഷവും താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ് രജിത് കുമാര്‍ ചെയ്തത്. ഡോ. രജിത് കുമാര്‍ എന്ന വ്യക്തി മന:പൂര്‍വം രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചിട്ടില്ലെന്നും ‘ടാസ്‌കി’ന്റെ ഭാഗമായി രജിത് എന്ന വികൃതിക്കുട്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു രജിതിന്റെ ന്യായീകരണം.

“ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും, ‘ക്ഷമിച്ച് കളഞ്ഞേക്ക്’ എന്നാണ് പലരും പറയുന്നത്. ‘മുളക് തേച്ചത് ചെറിയ കാര്യമല്ലേ. ഇവളെന്താ അടുക്കളയില്‍ കയറിയിട്ടില്ലേ?’ എന്ന തരം കമന്റുകള്‍. യൂട്യൂബില്‍ എന്റെ വീഡിയോകള്‍ക്ക് താഴെ ‘ഇവള്‍ ഇനിയും നിര്‍ത്തിയിട്ടില്ലേ?’ പോലുള്ള കമന്റുകള്‍ വേറെ. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല”. രേഷ്മ വ്യക്തമാക്കുന്നു.

ബിഗ് ബോസിന് അകത്തും പുറത്തും നിരവധി വിവാദങ്ങൾക്ക് വഴി വെച്ചിട്ടും രേഷ്മ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കും ഒരു കുറവും വന്നിട്ടില്ല. ഇതേ തുടർന്നാണ് ഇത് വരെ പ്രതികരിക്കാതിരുന്ന രേഷ്മ രജിത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

cp-webdesk

null