സംസഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന തീരുമാനത്തിന് പിന്നാലെ സഹായ പാക്കേജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഈ വാർത്ത പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാർച്ച് 31 വരെ വിനോദ നികുതി ഒഴിവാക്കാൻ ആണ് തീരുമാനം. കൂടാതെ തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയും, മറ്റ് ഇളവുകൾ പരിഗണയിൽ ഉണ്ടെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും പറയുന്നു .
ബി ഉണ്ണി കൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്;
വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയും, മറ്റ് ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ
അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവിധ സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്ന് തിയേറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് തീരുമാനം എടുക്കും. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.