തന്റെ പാട്ടുകൾ കൊണ്ട് ഏറെ ശ്രദ്ധേയമായ താരമാണ് ആര്യ ദയാൽ. സ്ത്രീ വിരുദ്ധ ചിന്തകൾക്ക് എതിരെ ആര്യ ആലപിച്ച പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ ‘അങ്ങനെ വേണം’ എന്ന വീഡിയോ ഗാനം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
ഒരു ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന തനിക്ക് സഹപാഠികളും സുഹൃത്തുക്കളും അവരുടെ വീടുകളിലും ചുറ്റുപാടിലും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയിരുന്നു എന്നും, ‘കരുതല്‍’ എന്ന പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കപെടുന്ന അവസ്ഥയാണ് ഇന്ന് സ്ത്രീകൾ നേരിടുന്നതെന്നും ആര്യ ദയാൽ പറയുന്നു. മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“എല്ലായ്‌പ്പോഴും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാന്‍ പാട്ടിലൂടെ പറയാന്‍ ശ്രമിച്ചത്. ഒരു ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഞാന്‍. എന്റെ സഹപാഠികളും സുഹൃത്തുക്കളും അവരുടെ വീടുകളിലും ചുറ്റുപാടിലും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയിട്ടു്ണ്ട്. ‘കരുതല്‍’ എന്ന പേരില്‍ സ്വാതന്ത്ര്യം. ഹോമിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക? ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പുറത്തുപോകാനോ സ്വാതന്ത്ര്യമില്ലാത്ത ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. വളരെക്കാലങ്ങളായി സമൂഹത്തില്‍ വേരിറങ്ങിപ്പോയ ഇത്തരം ജീര്‍ണിച്ച ചിന്തകളെ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തന്നെയാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്. കാലം മാറി നാം ഓരോരുത്തരും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ ജീവിതത്തെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷ സമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുന്നു. ഈ കാലഘട്ടത്തില്‍ എത്രകാലം ഇങ്ങനെ പെണ്‍കുട്ടികളെ തളച്ചിടാനാകും?
ഒരു കാര്യം കൂടി ഞാന്‍ എടുത്തു പറയുന്നു. വരികളാണ് ഈ പാട്ടിന്റെ ശക്തി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ച വനിതയായ ശശികല വി മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശശികലാമ്മയുമായി ഒരു പാട്ട് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.” – ആര്യ ദയാൽ പറയുന്നു