മണിരത്നത്തിന്റെ റോജയിലൂടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സൂപ്പർ നായിക മധുബാല ത്രില്ലിലാണ്. ആറ് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കുള്ള മടങ്ങിവരവാണ് താരത്തെ ത്രില്ലടിപ്പിക്കുന്നത്.വികൃതിക്ക് ശേഷം എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന എന്നിട്ട് അവസാനം എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്കെത്തുന്നത്. അടുത്ത ഏപ്രിലിൽ തുടങ്ങുന്ന ചിത്രത്തിൽ മധുബാലയ്ക്കൊപ്പം അന്ന ബെന്നും അർജുൻ അശോകനുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
‘’ I am Super duper Excited” മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മധുബാല പറയുന്നു. കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
ജീവിതത്തിൽ നമുക്ക് ചില അനുഗ്രഹങ്ങൾ തനിയെ വന്നുചേരും. എത്ര തേടിപ്പോയാലും ചിലപ്പോൾ അത് കിട്ടില്ല. സമയമാകുമ്പോൾ അത് നമ്മളെ തേടിവരും. പെരുമാൾ (മഹാവിഷ്ണു) അത് നമുക്ക് നൽകും. എന്റെ അഭിനയ ജീവിതത്തിൽ ഒന്നും ഞാൻ കണക്ക് കൂട്ടി നേടിയെടുത്തതല്ല.
കെ. ബാലചന്ദർ സാർ എന്നെ ലോഞ്ച് ചെയ്യണമെന്നത് ഞാൻ പ്ളാൻ ചെയ്തതല്ല. പക്ഷേ അഴകനിലൂടെ അദ്ദേഹമാണ് എന്നെ ലോഞ്ച് ചെയ്തത്.റോജ പോലൊരു സിനിമ എനിക്ക് ലഭിക്കുമെന്നോ എന്റെ ജീവിതത്തിൽ അതൊരു നാഴികക്കല്ലാകുമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല. റോജയിൽ അഭിനയിക്കുന്ന സമയത്ത് എന്റെ ജീവിതത്തിൽ വഴിത്തിരിവാകാൻ പോകുന്ന സിനിമയിലാണ് ഞാൻ അഭിനയിക്കുന്നതെന്നും വിചാരിച്ചിട്ടില്ല. ഒരു സിനിമ ചെയ്യുന്നു, അത്രേയുള്ളൂ.
ദുൽഖർ സൽമാൻ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം (തമിഴിൽ വായ് മൂട് പേശവും) ആണ് മധുബാലയുടേതായി ഒടുവിൽ റിലീസായ മലയാള ചിത്രം .1991 ൽ അഭിനയത്തിലെ അരങ്ങേറ്റ വർഷത്തിൽത്തന്നെ തമിഴിൽ അഴകനിലും ഹിന്ദിയിൽ ഫൂൽ ഔർ കാണ്ഡെയിലും മലയാളത്തിൽ ഒറ്റയാൾ പട്ടാളത്തിലും നീലഗിരിയിലുമഭിനയിച്ച മധുബാല മലയാളത്തിൽ എന്നോടിഷ്ടം കൂടാമോ, യോദ്ധ എന്നീ ചിത്രങ്ങളിലും നായികയായിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ബയോപ്പിക്കായാ തലൈവിയിൽ ആണ് താരം എപ്പോൾ അഭിനയിക്കുന്നത്