കനിയുടെ സ്വകാര്യ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഏറെ പ്രചാരം നേടിയിരുന്നു. കനിക്കെതിരെ സൈബർ അറ്റാക്കിന് വഴി വെച്ച ആ വീഡിയോ സത്യത്തിൽ കനി അഭിനയിച്ച ‘മെമ്മറീസ് ഓഫ് എ മെഷീൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ ഒരു ഭാഗം മാത്രമായിരുന്നുവെന്ന് ഇന്നും പലർക്കും അറിയില്ല. ഒരു ഫൗണ്ട് ഫൂട്ടേജ് മോഡലിൽ ഷൂട്ട് ചെയ്ത ഈ ഹ്രസ്വ ചിത്രം കനിയുടെ സ്വകാര്യ നിമിഷങ്ങൾ എന്ന മട്ടിലായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്.
”മെമ്മറീസ് ഓഫ് എ മെഷീൻ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്ത സമയത്ത് എന്റെ ഭാഗം ഞാൻ എക്സ്പ്ലെയിൻ ചെയ്ത് പറഞ്ഞിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ആ സമയത്ത് നല്ല രീതിയിൽ സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. അന്ന് എനിക്ക് ഷൈലജയ്ക്കൊപ്പം (ചിത്രത്തിന്റെ സംവിധായിക) നിൽക്കാനാണ് തോന്നിയത്. എന്റെ ഭാഗം ഞാൻ വ്യക്തമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ എന്നെ ആളുകൾ ഇതിൽ നിന്നും ഒഴിവാക്കിയേനെ” കനി പറയുന്നു. ഏഷ്യാവിൽ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കനി വീഡിയോയുടെ സത്യാവസ്ഥ പറയുന്നത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘മെമ്മറീസ് ഓഫ് എ മെഷീൻ’ 2016 ലാണ് റിലീസായത്. ചിത്രത്തിലെ നായികയായി എത്തിയിരുന്നത് കനിയായിരുന്നു. ഒരു മൂന്നാം ക്ളാസ്സുകാരിക്ക് സംഭവിക്കുന്ന ലൈംഗികാതിക്രമത്തിനെ കാല്പനികവൽക്കരിച്ചു എന്നായിരുന്നു അന്ന് ചിത്രം നേരിട്ട പ്രധാന വിമർശനം. അതിലെ നായികയെന്ന നിലയിൽ കനിയും വിമർശനത്തിനിരയാവുകയായിരുന്നു.
“ഷൈലജ സംവിധാനം ചെയ്യാൻ കരുതിയിരുന്ന ഒരു ഫീച്ചർ ഫിലിമിലെ ഒരു സീൻ മാത്രമായിരുന്നു ഈ ‘മെമ്മറീസ് ഓഫ് എ മെഷീൻ’ എന്ന ഷോർട്ട് ഫിലിമായി മാറിയത്. സിനിമ നിർമിക്കാനായി പ്രൊഡ്യൂസേർസിനെ കാണിക്കാൻ വേണ്ടി മാത്രം ഒരുക്കിയൊരു സീനായിരുന്നു അത്. ആ സിനിമയുടെ മുഴുവൻ കഥ എടുത്തു നോക്കിയാൽ എന്തിന് ഇങ്ങനെയൊരു സീൻ അവിടെ വന്നു എന്നുള്ളതിനൊരു അർഥമുണ്ട്. ഈ സിനിമയിലെ പെൺകുട്ടി അവൾ കല്യാണം കഴിച്ചു വന്നതിന് ശേഷം അവളുടെ ഭർത്താവിന്റെ സഹോദരനോട് അടുക്കുന്നതും അയാളോട് തന്റെ കഥകൾ പറയുന്നതുമാണ് കഥാതന്തു. അവൾ അങ്ങനെ ആയതിന് വ്യകതമായ കാരണങ്ങളുണ്ട്. എന്നാൽ പൂർണമായും സിനിമാ രൂപത്തിൽ വന്നാൽ മാത്രമേ ആളുകൾക്ക് അത് മനസ്സിലാവുകയുള്ളായിരുന്നു” കനി പറഞ്ഞു.
ചിത്രം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിനെ മഹത്വവൽക്കരിക്കുന്നില്ല എന്ന് പറഞ്ഞ കനി എത്തിക്കൽ പ്രശ്നമുള്ളതു കൊണ്ടാണ് വിശദീകരണത്തിനു മുതിരാത്തതെന്നും പറയുന്നു.
“ആ സിനിമയിൽ ചൈൽഡ് സെക്സ് അബ്യൂസിനെ ഗ്ലോറിഫൈ ചെയ്യുന്നില്ല. ഇതൊക്കെ ഷൂട്ട് ചെയ്ത് ഒരു വർഷത്തിന് ശേഷം ഷൈലജ അവരുടെ ചില സുഹൃത്തുക്കളെ ഈ വീഡിയോ കാണിച്ചു. അവരത് ഒരു ക്വീർ ഫിലിം ഫെസ്റ്റിവലുണ്ട് അവിടെ ഇടുന്നോ എന്ന് ചോദിച്ചു.ശേഷം ആ ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും അവിടെ നിന്നും വേറെ കുറെ ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഈ ചിത്രം പോയി. അതിനൊക്കെ ശേഷമാണ് ഷൈലജ യൂട്യൂബിലിത് അപ്ലോഡ് ചെയ്യുന്നത്. എനിക്കതിൽ എത്തിക്കൽ പ്രശ്നമുണ്ടായിരുന്നു. ഇതാണ് മെമ്മറീസ് ഓഫ് എ മെഷീൻ എന്ന ഷോർട്ട് ഫിലിമിന്റെ ബാക്ക് സ്റ്റോറി”. കനി വ്യക്തമാക്കുന്നു.
കനിയുടെ അഭിമുഖം കാണാം